സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ച യുവാവിന് ദാരുണാന്ത്യം

ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ച യുവാവിന് ദാരുണാന്ത്യം. കര്‍ണാടക സ്വദേശിയായ കാര്‍ത്തിക് (21) ആണ് മരിച്ചത്. 10,000 രൂപയ്ക്ക് ബെറ്റ് വെച്ചായിരുന്നത്രെ മദ്യപാനം. ഒടുവില്‍ ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താന്‍ വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിച്ച് കാണിക്കാമെന്ന് കാര്‍ത്തിക്, തന്റെ സുഹൃത്തുക്കളായ വെങ്കട റെഡ്ഡി, സുബ്രമണി എന്നിവരോടും മറ്റ് മൂന്ന് പേരോടും പറഞ്ഞെന്നാണ് സുഹൃത്തുക്കളുടെ വാദം. അതില്‍ വിജയിക്കുകയാണെങ്കില്‍ താന്‍ 10,000 രൂപ നല്‍കാമെന്ന് വെങ്കട റെഡ്ഡി പറഞ്ഞു. ബെറ്റ് വെച്ചാണ് മദ്യപാനം തുടങ്ങിയത്.

കാര്‍ത്തിക് അവകാശപ്പെട്ടതു പോലെ അഞ്ച് ഫുള്‍ ബോട്ടിലുകള്‍ കാലിയാക്കിയെങ്കിലും അത് കഴിഞ്ഞ് ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് കോലാറിലെ മുല്‍ബാഗലിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കാര്‍ത്തിക് മരണപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പ് വിവാഹിതനായ കാര്‍ത്തികിന്റെ ഭാര്യ എട്ട് ദിവസം മുമ്പാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.

സംഭവത്തില്‍ സുഹൃത്തുക്കളായ വെങ്കട റെഡ്ഡി, സുബ്രമണി എന്നിവര്‍ ഉള്‍പ്പെടെ ആറ് പേരെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. അവശേഷിക്കുന്ന നാല് പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Share
Leave a Comment