കൈക്കൂലിക്ക് വേണ്ടി അപേക്ഷ തടഞ്ഞ് വച്ചു : ഒടുവിൽ കൈക്കൂലി വാങ്ങുന്നതിനിടെ കോര്‍പ്പറേഷൻ ബില്‍ഡിങ് ഓഫീസര്‍ സ്വപ്ന പിടിയിൽ

ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്‌ന കുടുങ്ങിയത്

കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്‌ന പിടിയിലായത്.

ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്‌ന കുടുങ്ങിയത്. ഇന്നലെ വൈകുന്നേരം 5മണിക്ക് വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം സ്വന്തം കാറില്‍ ഇവര്‍ പണം വാങ്ങാന്‍ എത്തിയപ്പോഴാണ് വിജിലന്‍സ് സംഘം പിടികൂടിയത്.

ജനുവരിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സാധുവായ കാരണമില്ലാതെ സ്വപ്ന അപേക്ഷ തടഞ്ഞുവെച്ചെന്നാണ് ആരോപണം. അപേക്ഷയ്ക്കായി വീണ്ടും സമീപിപിച്ചപ്പോള്‍ ഫയല്‍ നീക്കത്തിന് 50,000 രൂപ സ്വപ്‌ന കൈക്കൂലി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പാരിക്കാരന്‍ സമീപിക്കുകയായിരുന്നുവെന്നു വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി എസ്. ശശിധരന്‍ പറഞ്ഞു.

പിന്നീട് വിജിലന്‍സ് കെമിക്കല്‍ മാര്‍ക്കറുകള്‍ പുരട്ടിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് കൈക്കൂലി തുക കൈമാറാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

കൊച്ചി കോര്‍പ്പറേഷനില്‍ നിന്നു കൈക്കൂലി കേസില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പിടിക്കുന്ന എട്ടാമത്തെ ഉദ്യോഗസ്ഥയാണ് സ്വപ്ന.

Share
Leave a Comment