വേടനെതിരായ കേസിൽ ജാതി രാഷ്ട്രീയ ചർച്ചകൾ തുടരുന്നത് ശരിയല്ല : ആഭ്യന്തര അന്വേഷണം നടത്തുമെന്നും വനം മന്ത്രി

പുലിപ്പല്ല് സമ്മാനിച്ചെന്ന് പറയപ്പെടുന്ന തമിഴ്‌നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള ശ്രമവും വനം വകുപ്പ് നടത്തുന്നുണ്ട്

തൃശ്ശൂർ: റാപ്പർ വേടനെതിരായ നടപടിയിൽ പ്രതികരണവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പുലിപ്പല്ല് കേസ് കേന്ദ്ര നിയമപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.  കേസിൽ സൂക്ഷ്മത കുറവ് ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. മോഹൻലാലിനോടും സുരേഷ് ഗോപിയോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനോടും കാണിക്കണമെന്നും മന്ത്രി അറിയിച്ചു.

അതേസമയം വേടനെതിരായ കേസിൽ ജാതി രാഷ്ട്രീയ ചർച്ചകൾ തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. വേടനിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ് വനം വകുപ്പ്. ഒപ്പം പുലിപ്പല്ല് സമ്മാനിച്ചെന്ന് പറയപ്പെടുന്ന തമിഴ്‌നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള ശ്രമവും വനം വകുപ്പ് നടത്തുന്നുണ്ട്. ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണ സംഘത്തിനൊപ്പം പോകാമെന്നും ഇന്നലെ വേടന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

കോടതിയിൽ നിന്നും ഇന്നലെ വേടന് ജാമ്യം ലഭിച്ചിരുന്നു. പുലിപ്പല്ല് കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. വനം വകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. അതേസമയം വേടന്റെ ജാമ്യാപേക്ഷയെ വനം വകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനം വകുപ്പിന്റെ വാദം.

Share
Leave a Comment