
കണ്ണൂർ: കണ്ണൂർ കൈതപ്രത്തെ ഓട്ടോ ഡ്രൈവർ രാധാകൃഷ്ണന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്തിയ സന്തോഷും മിനിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ഇരുവരും സഹപാഠികളായിരുന്നു എന്നുമായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ സന്തോഷും മിനിയും പരിചയപ്പെടുന്നത് സമൂഹ മാധ്യമത്തിലൂടെയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സന്തോഷാണ് രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ മിനിക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
തന്റെ ഭർത്താവിനെ സന്തോഷ് കൊലപ്പെടുത്തുമെന്ന് മിനി നമ്പ്യാർക്ക് നേരത്തേ അറിവുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. സന്തോഷിന് രാധാകൃഷ്ണന്റെ ലൊക്കേഷൻ വിവരങ്ങളടക്കം നൽകിയതും മിനി നമ്പ്യാരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പും അതിന് ശേഷവും ഇരുവരും തമ്മിൽ ബന്ധപ്പെട്ടതിനും ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെയാണ് രാധാകൃഷ്ണന്റെ കൊലപാതകത്തിൽ മിനിയുടെ പങ്ക് പൊലീസ് കണ്ടെത്തിയത്. മിനിയും സന്തോഷും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് ഫെയ്സ്ബുക്കിലൂടെയാണ്. റീൽസുകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന പതിവുണ്ടായിരുന്നു മിനി നമ്പ്യാർക്ക്. ഒരു വർഷം മുൻപ് ഫേസ്ബുക്കിലിട്ട പോസ്റ്റിന് സന്തോഷിന്റെ കമന്റ്, തിരിച്ച് മിനിയുടെ ലൈക്ക്. പിന്നെ ചാറ്റിങിലൂടെ ബന്ധം വളർന്നു. സഹപാഠിയെന്ന് കള്ളം പറഞ്ഞ് വീട്ടിലെത്തിച്ചു.
പുതിയ വീടിന്റെ നിർമാണമടക്കം സന്തോഷിനെ ഏൽപ്പിച്ചു. കുറഞ്ഞ കാലയളവിനിടയിൽ മിനി സന്തോഷുമായി നടത്തിയത് മൂവായിരത്തോളം ഫോൺകോളുകളെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം പല തവണ രാധാകൃഷ്ണൻ വിലക്കിയിരുന്നു. ഭർത്താവിന് വധഭീഷണിയുണ്ടെന്നറിഞ്ഞിട്ടും വിവരം പൊലീസിലറിയിക്കാൻ മിനി മുതിർന്നില്ലെന്നാണ് കണ്ടെത്തൽ. രാധാകൃഷ്ണനെ തട്ടിക്കളയും എന്ന് സന്തോഷ് മിനിയ്ക്ക് വാട്സാപ്പ് സന്ദേശമയച്ചതിനും തെളിവുകളുണ്ട്.
മാർച്ച് 20നായിരുന്നു കൈതപ്രത്തെ പണി നടക്കുന്ന വീട്ടിൽ വച്ച് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊന്നത്. അന്നേ ദിവസം രാധാകൃഷ്ണനൊപ്പമുണ്ടായിരുന്ന മകനെ മിനി നിരന്തരം ഫോണിൽ വിളിച്ചു. രാധാകൃഷ്ണന്റെ കൃത്യമായ ലൊക്കേഷൻ മനസിലാക്കലായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് മുമ്പും ശേഷവും സന്തോഷ് മിനിയുമായി ഫോണിൽ ബന്ധപ്പെട്ടെന്നും പൊലീസ് പറയുന്നു. മിനിയും സന്തോഷുമായുള്ള ബന്ധമറിഞ്ഞ് രാധാകൃഷ്ണൻ മിനിയെ ഉപദ്രവിച്ചതിലുള്ള ദേഷ്യമാണ് കൊലക്ക് പിന്നിലെന്ന് സന്തോഷ് നേരത്തേ സമ്മതിച്ചിരുന്നു.
സന്തോഷിനെതിരെ രാധാകൃഷ്ണൻ രണ്ട് മാസം മുൻപ് പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നായിരുന്നു രാധാകൃഷ്ണൻ പരാതി നൽകിയത്. ഇതും പ്രകോപനമായി. കൊലയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് തോക്ക് കൈയിൽ പിടിച്ചു നിൽക്കുന്ന ചിത്രം സന്തോഷ് ഫേസ്ബുക്കിൽ പങ്കുവെച്ചു,പിന്നെ കൊലപാതകം. കേസിലെ മൂന്നാം പ്രതിയാണ് മിനി. സന്തോഷിന് തൂക്ക് നൽകിയ രണ്ടാം പ്രതിയായ സിജോ ജോസഫിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2020 ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെറുകുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു മിനി നമ്പ്യാർ.
Post Your Comments