കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറി: നാലുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് അധികൃതർ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ യുപിഎസ് റൂമിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായ സംഭവത്തില്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. പുക കാരണമല്ല അഞ്ച് പേര്‍ മരിച്ചതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. ഗംഗ (34), ഗംഗാധരൻ (70), ഗോപാലൻ (65), സുരേന്ദ്രൻ (59), നസീറ (44) എന്നിവരാണ് മരിച്ചത്. ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നും, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

നാലു രോ​ഗികളുടെ മരണവും യുപിഎസ് റൂമിലെ പൊട്ടിത്തെറിയെ തുടർന്നുണ്ടായ പുകയും തമ്മിൽ ബന്ധമില്ലെന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കിയത്. അപകടമുണ്ടാകുന്നതിന് മുമ്പ് തന്നെ മൂന്നു രോ​ഗികൾ മരിച്ചിരുന്നെന്നും നാലാമത്തെയാളെ മരിച്ചനിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് പ്രിൻസിപ്പൽ പറയുന്നത്.

വായില്‍ അര്‍ബുദം ബാധിച്ച ഒരാളുടെ നില അതീവ ഗുരുതരമായിരുന്നു. മറ്റ് രണ്ട് പേര്‍ കരള്‍രോഗം, ന്യുമോണിയ എന്നിവ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. വിഷം കഴിച്ചതിനെ തുടര്‍ന്നാണ് ഒരു സ്ത്രീയെ എത്തിച്ചത്. ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും, മറ്റുള്ളവരുടെ ബന്ധുക്കളുമായി സംസാരിച്ച്‌ നടപടികളെടുക്കുമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് 30 പേര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ടുണ്ട്. മറ്റുള്ളവര്‍ ബീച്ച് ആശുപത്രിയിലേക്കും പോയി. മെഡിക്കല്‍ കോളേജിലെ ഒരു സംഘം ബീച്ച് ആശുപത്രിയില്‍ പ്രവര്‍ത്തിക്കും. 7356657221 എന്ന ഹെല്‍പ് ലൈന്‍ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.

Share
Leave a Comment