IndiaInternational

പാക് യുവതിയെ ‘ഓണ്‍ലൈന്‍ നിക്കാഹ്’ കഴിച്ച് കൂടെത്താമസിപ്പിച്ചു, സിആര്‍പിഎഫ് ജവാനെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ പൗരയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ച സിആര്‍പിഎഫ് ജവാനെ പിരിച്ചുവിട്ടെന്ന് റിപ്പോര്‍ട്ട്. വിവാഹം മറച്ചുവെച്ചതിനും വിസാ കാലാവധി കഴിഞ്ഞിട്ടും യുവതിയെ ഇന്ത്യയില്‍ താമസിപ്പിച്ചതിനുമടക്കമാണ് ജവാന്‍ നടപടി നേരിട്ടത്.

സിആര്‍പിഎഫിന്റെ 41 ബറ്റാലിയനിലെ സിടി/ജിഡി മുനീര്‍ അഹമ്മദിനെ സര്‍വീസില്‍ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടത്. ജവാനില്‍ നിന്നുണ്ടായത് സേവന പെരുമാറ്റച്ചട്ട ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമായ പ്രവൃത്തിയാണെന്നും സിആര്‍പിഎഫ് കണ്ടെത്തിയിട്ടുണ്ട്.

ജവാന്റെ ഭാര്യ പാക് സ്വദേശിയായ മിനല്‍ ഖാന്‍ കഴിഞ്ഞ ദിവസം നാടുകടത്തലിന് വക്കോളം എത്തിയിരുന്നു. എന്നാല്‍ പാക് അതിര്‍ത്തിയില്‍ വരെ എത്തിയ അവര്‍ക്ക് അവസാന നിമിഷമാണ് കോടതിയില്‍ നിന്നും ആശ്വാസം എത്തുകയും നാടുകടത്തലില്‍ നിന്നും രക്ഷപെടാനായതും.

പാകിസ്ഥാനിലെ പഞ്ചാബില്‍ നിന്നുള്ള മിനാല്‍ ഖാനെ മുനീര്‍ ഓണ്‍ലൈന്‍ വഴിയാണ് കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും 2024 മെയ് മാസത്തില്‍ ഓണ്‍ലൈന്‍ വഴി നിക്കാഹ് നടത്തിയതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിസയ്ക്കായി ഒമ്പത് മാസത്തെ കാത്തിരിപ്പിന് ശേഷം 2025 മാര്‍ച്ചിലാണ് അവര്‍ ഇന്ത്യയിലെത്തിയത്. മിനാലിനുള്ളത് ഹ്രസ്വകാല വിസയായിരുന്നു. വിസാ കാലാവധി കഴിഞ്ഞിട്ടും ജവാനൊപ്പം യുവതി ഇന്ത്യയില്‍ കഴിയുകയും, വീസാ കാലാവധി നീട്ടാന്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അവര്‍ക്ക് ഇന്ത്യ വിടാന്‍ നോട്ടീസ് ലഭിച്ചത്.

shortlink

Post Your Comments


Back to top button