Kerala

എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്? കാർത്തികയുടെ ഓഡിയോ വൈറൽ

കൊച്ചി: വീസ തട്ടിപ്പുകേസിൽ പത്തനംതിട്ട സ്വദേശിനിയും ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമയുമായ കാർത്തിക പ്രദീപിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയ യുവതിയെ തൃശ്ശൂർ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ യുവതിയെ കോഴിക്കോട് നിന്നാണ് പൊലീസ് പിടികൂടിയത്. ഇതിന് പിന്നാലെ യുവതിയുടെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, പണം നഷ്ടപ്പെട്ടയാളോട് കാർത്തിക പറഞ്ഞ വാക്കുകളാണ് സൈബറിടങ്ങളിൽ പ്രചരിക്കുന്നത്.

കാർത്തിയോട് പൈസ ചോദിച്ച് വിളിച്ച ആളും കാർത്തികയും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്? എന്നാണ് കാർത്തിക ചോദിക്കുന്നത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച് കോടികളാണ് കാർത്തിക തട്ടിയെടുത്തത്. യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിനിയിൽനിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാർത്തിക അറസ്റ്റിലായത്. യുകെയിൽ സോഷ്യൽവർക്കർ ജോലി ശരിയാക്കിനൽകാമെന്നായിരുന്നു കാർത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയിൽനിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാൽ, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവർ പോലീസിൽ പരാതി നൽകിയത്.

പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button