പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം: വിദ്യാർഥി പിടിയിൽ

പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥി പിടിയിൽ. തൈക്കാവ് വി.എച്ച്.എസ്.എസിലാണ് പരീക്ഷയ്ക്കെത്തിയത്. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലെ ഹാള്‍ടിക്കറ്റാണ് ഉപയോഗിച്ചത്. വിദ്യാര്‍ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു

ഹാൾടിക്കറ്റിന്റെ ആദ്യഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാർഥിയുടെ പേരും ഡിക്ലറേഷൻ ഭാഗത്ത് മറ്റൊരു വിദ്യാർത്ഥിയുടെ പേരും ആണുള്ളത്. ഏത് സാഹചര്യത്തിലാണ് വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റ് എത്തിച്ചതെന്ന് പരിശോധിക്കുന്നതായി പത്തനംതിട്ട പൊലീസ് പറഞ്ഞു. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്‌സാം സെന്റർ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു.

വിദ്യാർഥിയെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ഹാൾടിക്കറ്റിൽ പേരുണ്ടായിരുന്ന വിദ്യാർഥിക്ക് ബന്ധമുണ്ടോയെന്നും സെന്ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

അതേ സമയം, 500 നഗരങ്ങളില്‍ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ.സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും മോക്ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ടെന്നും മൊബൈല്‍ ജാമറുകള്‍, വിദ്യാര്‍ഥികളെ പരിശോധിക്കുന്നതിനുള്ള ജീവനക്കാര്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.

Share
Leave a Comment