മുംബൈ : പ്രശസ്ത ബോളിവുഡ് സംവിധായകൻ കബീർ ഖാൻ മികച്ച സിനിമകൾക്ക് പേരുകേട്ടയാളാണ്. സൽമാൻ ഖാൻ, രൺവീർ സിംഗ്, കരീന കപൂർ ഖാൻ, കത്രീന കൈഫ് തുടങ്ങിയ നിരവധി പ്രമുഖ നടി നടൻമാർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒൻപത് വർഷത്തെ തന്റെ സിനിമാ ജീവിതത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ മാധ്യമമായ ഇന്ത്യ ടിവിയുടെ ‘ദി ഫിലിം ഹസിൽ’ അദ്ദേഹം തൻ്റെ സിനിമ ജീവിതത്തെക്കുറിച്ച് അടുത്തിടെയാണ് ഏറെ വാചാലനായത്.
ഡോക്യുമെന്ററി സിനിമകളിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് 2006 ൽ ‘കാബൂൾ എക്സ്പ്രസ്’ എന്ന സാഹസിക ത്രില്ലറിലൂടെയാണ് അദ്ദേഹം സിനിമ സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ‘ന്യൂയോർക്ക്’ (2009), ‘ഏക് ഥാ ടൈഗർ’ (2012), ‘ബജ്രംഗി ഭായിജാൻ’ (2015), ’83’ (2021) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. 2024-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ചന്തു ചാമ്പ്യൻ’ (2024) എന്ന ചിത്രത്തിനും നല്ല അവലോകനങ്ങൾ ലഭിച്ചു. ’83’ എന്ന ചിത്രത്തിന് ശേഷം രൺവീർ സിങ്ങിന്റെ രണ്ടാമത്തെ സ്‌പോർട്‌സ് ബയോപിക് ആയിരുന്നു ഈ ചിത്രം.
കബീർ ഖാൻ തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും വാചാലനാകുന്നുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാൽ കോളേജിന് പുറമേ, ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിൽ ചലച്ചിത്രനിർമ്മാണവും പഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കരിയറിന്റെ ആദ്യ നാളുകളിൽ, പ്രശസ്ത പത്രപ്രവർത്തകൻ സയീദ് നഖ്‌വിയുടെ കൂടെ ക്യാമറാമാനായി ജോലി ചെയ്തിരുന്ന അദ്ദേഹം വിവിധ അന്താരാഷ്ട്ര വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ലോകമെമ്പാടും സഞ്ചരിച്ചു. അഞ്ച് വർഷക്കാലം അദ്ദേഹം 60 ഓളം രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഒരു മുതിർന്ന പത്രപ്രവർത്തകനോടൊപ്പം നിരവധി ഡോക്യുമെന്ററി സിനിമകളും ചിത്രീകരിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 60 രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്.
” 22 മുതൽ 27 വയസ്സുള്ളപ്പോൾ നിങ്ങൾ ഏകദേശം 60 രാജ്യങ്ങൾ സന്ദർശിക്കുന്നു, ഒരു സ്ഥലത്ത് പോയി പ്രാദേശിക ഭക്ഷണം കഴിച്ച് തിരിച്ചുവരുന്ന ഒരു സാധാരണ യാത്രയല്ല അത് എന്ന് സങ്കൽപ്പിക്കുക. ഇവിടെ, ഞങ്ങൾ ആളുകളുടെ ഹൃദയങ്ങളെയും മനസ്സുകളെയും മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു, അവരുടെ നേട്ടങ്ങളെയും കഷ്ടപ്പാടുകളെയും കുറിച്ച് പഠിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഇന്ന് ഞാൻ എന്താണോ അത് ആ അഞ്ച് വർഷങ്ങൾ കാരണമാണ്. ആ വർഷങ്ങൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ” -തന്റെ യാത്രയെ അനുസ്മരിച്ചുകൊണ്ട് കബീർ ഖാൻ പറഞ്ഞു.
Leave a Comment