ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത, സംസ്ഥാനങ്ങൾക്ക് നൽകിയത് പത്ത് നിർദ്ദേശങ്ങൾ

ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ശക്തമായി നിൽക്കെ, കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയത് പത്ത് നിർദ്ദേശങ്ങൾ. കാർഗിൽ യുദ്ധ കാലത്ത് പോലും സ്വീകരിക്കാത്ത മോക് ഡ്രില്ലാണ് ഇതിൽ പ്രധാനം. കേരളം അടക്കമുള്ള കടലോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമാണ് ഉയർന്ന ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ സംഘർഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നാണ് സർക്കാർ വ്യത്തങ്ങൾ പറയുന്നത്. ഇന്നും നാളെയുമായാണ് ദേശവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക് ഡ്രിൽ നടക്കുകയെന്നാണ് ലഭ്യമായ വിവരം.

ആകാശമാർഗ്ഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രിൽ തുടങ്ങി 10 നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയത്. കാർഗിൽ യുദ്ധകാലത്ത് പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിർദ്ദേശം ഉണ്ടായിരുന്നില്ല. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ തീര സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം. ഇതിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ദാദ്ര നഗർ ഹവേലി, മധ്യപ്രദേശ് എന്നീ പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്കും ഉയർന്ന ജാഗ്രതാ നിർദ്ദേശമുണ്ട്.

ദില്ലി അടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിൽ തയ്യാറെടുപ്പ് കേന്ദ്രം നേരിട്ട് നിരീക്ഷിക്കും. ദില്ലി ലഫ്റ്റനൻറ് ഗവർണ്ണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സാഹചര്യം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാവിലെ യോഗം വിളിച്ച് കേന്ദ്ര നിർദ്ദേശം ഗൗരവമായെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പ്രധാനമന്ത്രി ഇന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണത്തിനാണ് ഇന്ത്യയുടെ തീരുമാനം.

Share
Leave a Comment