നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലക്കേസ് : വിധി പറയുന്നത് മാറ്റി

ആസ്ട്രൽ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നുമാണ് പ്രതി കേഡല്‍ ജെന്‍സന്‍ രാജ പോലീസിന് മൊഴി നല്‍കിയത്

തിരുവനന്തപുരം : നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി പറയുന്നത് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റിയത്. 2017 ഏപ്രില്‍ 9നാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ പ്രതിയായ കേഡല്‍ ജെന്‍സന്‍ രാജ കൊലപ്പെടുത്തിയത്.

ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ വീട്ടില്‍ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആര്‍എംഒ ഡോ. ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരാണ് കൊല്ലപ്പെട്ടത്.

വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.

ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തലാണ് പരീക്ഷിച്ചത്. ആസ്ട്രൽ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നുമാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.

Share
Leave a Comment