അമേരിക്കയിലെ സാൻ ഡീഗോ ബീച്ചിന് സമീപം ബോട്ട് മറിഞ്ഞ് മൂന്ന് മരണം : രണ്ട് ഇന്ത്യൻ കുട്ടികൾ ഉൾപ്പെടെ 7 പേരെ കാണാതായി

ഇതൊരു മനുഷ്യക്കടത്ത് സംഭവമാകാൻ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു

ന്യൂയോർക്ക്: അമേരിക്കയിലെ സാൻ ഡീഗോ നഗരത്തിന് സമീപം പസഫിക് സമുദ്രത്തിൽ കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ചെറിയ ബോട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഈ അപകടത്തിൽ 2 ഇന്ത്യൻ കുട്ടികൾ ഉൾപ്പെടെ 7 പേരെ കാണാതായി.

കാലിഫോർണിയയിലെ സാൻ ഡീഗോ നഗരത്തിന് ഏകദേശം 24 കിലോമീറ്റർ വടക്ക്, ടോറി പൈൻസ് സ്റ്റേറ്റ് ബീച്ചിന് സമീപം 16 പേരുമായി പോയ ബോട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.  പ്രദേശത്തെ കോസ്റ്റ് ഗാർഡ് ജീവനക്കാർക്ക് രാവിലെ 6:30 ഓടെ ഒരു ബോട്ട് മറിഞ്ഞതായി റിപ്പോർട്ട് ലഭിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റ് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടുത്തിയവരെ ചോദ്യം ചെയ്തതിൽ നിന്ന് ഏകദേശം 7 പേരെ കൂടി കാണാതായതായി വിവരം ലഭിച്ചു. ഇതിനുശേഷം കാണാതായവരെ തിരയുന്നതിനായി ഹെലികോപ്റ്ററുകളുടെയും സാക്രമെന്റോ സി-27 സ്പാർട്ടൻ വിമാനങ്ങളുടെയും മറ്റ് സഹായം സ്വീകരിക്കാൻ ഭരണകൂടം അധികൃതർക്ക് നിർദ്ദേശം നൽകി.

അതേ സമയം ഇതൊരു മനുഷ്യക്കടത്ത് സംഭവമാകാൻ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.  പരിക്കേറ്റവരിൽ ചിലർക്ക് നിസ്സാര പരിക്കുകളും മറ്റുള്ളവർക്ക് ഗുരുതരമായ പരിക്കുകളും സംഭവിച്ചതായി എൻസിനിറ്റാസ് ഡെപ്യൂട്ടി ചീഫ് ഫയർ ചീഫ് ജോർജ്ജ് സാഞ്ചസ് സിഎൻഎന്നിനോട് പറഞ്ഞു.

അതേ സമയം ഇന്ത്യക്കാരുടെ മരണത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദുഃഖം രേഖപ്പെടുത്തി.

Share
Leave a Comment