പാകിസ്താനിലെ ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം

പാകിസ്താനിലെ ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം. ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് കറാച്ചിയിൽ ഉഗ്ര സ്ഫോടനം ഉണ്ടായത്. തുടർച്ചയായ സ്ഫോടനങ്ങൾ പാകിസ്താനെ നടുക്കിയിരിക്കുകയാണ്. കറാച്ചിയിലെ ഷറഫി ഗോത്ത് എന്ന മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടന പരമ്പരകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻനിർത്തി രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ അടച്ചിട്ടതായി പാകിസ്താൻ എയർപോർട്ട് അതോറിറ്റി (പിഎഎ) വ്യക്തമാക്കി. കറാച്ചി, ലാഹോർ, സിയാൽകോട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.

ജ്രൻവാല പ്രദേശത്തും സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചാണ് സ്ഫോടനങ്ങൾ നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുന്നതിനാൽ പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലോഹ ശകലങ്ങൾ പൊലീസ് കണ്ടെടുത്തു, സ്ഫോടനത്തിന്റെ കൃത്യമായ സ്വഭാവം നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 12 ഹെറോൺ ഡ്രോണുകൾ ഒമ്പത് സ്ഥലങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, പാകിസ്താൻ സൈന്യം പൂഞ്ചിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. 59 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയും നാലിടങ്ങളിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തി.

ഓപ്പറേഷൻ സിന്ദൂറിലൂടെ കനത്ത പ്രഹരം ഏറ്റതിന് പിന്നാലെ ഇന്ത്യൻ അതിർത്തികളിലേക്ക് ആരംഭിച്ച ഷെല്ലാക്രമണം തുടരുകയാണ് പാകിസ്താൻ. കുപ്വാര, ബാരമുള്ള, ഉറി, അഖ്നൂർ എന്നിവിടങ്ങളിൽ ഇന്നലെ രാത്രിയും ഗ്രാമീണരുടെ വീടിനും നേരെ പാക് ഷെല്ലാക്രമണം നടത്തി. അർദ്ധരാത്രിക്ക് ശേഷം ഉണ്ടായ മാരക ഷെല്ലാക്രമണത്തിൽ, നിരവധി വീടുകൾ പൂർണ്ണമായും തകർന്നു.

ആക്രമണം തുടരുന്നതിനാൽ അതിർത്തി ഗ്രാമങ്ങൾ ഭൂരിഭാഗവും ജനങ്ങൾ വീടുകൾ ഉപേക്ഷിച്ചു പോയി കഴിഞ്ഞു.ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സൈന്യം മാറ്റിപാർപ്പിച്ചിരിക്കുകയാണ്.

 

Share
Leave a Comment