പാകിസ്താനെ ഞെട്ടിച്ച് ലാഹോറില്‍ തുടര്‍ സ്‌ഫോടനങ്ങള്‍. വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം പൊട്ടിത്തെറിയുണ്ടായെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് തവണ സ്‌ഫോടനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് പൊലീസ് അവകാശപ്പെട്ടു. വിമാനത്താവളത്തിന് സമീപത്തുനിന്നും ഉഗ്രസ്‌ഫോടനം കേട്ടെന്നും പുക ഉയരുന്നത് കണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. സൈനിക വിമാനത്താവളത്തിന് തൊട്ടടുത്ത് സ്‌ഫോടനമുണ്ടായി എന്നതില്‍ പാകിസ്താന്‍ നടുങ്ങിയിരിക്കുകയാണ്. പ്രദേശത്ത് അപായ സൈറണ്‍ മുഴങ്ങുന്നതിന്റേയും പുക ഉയരുന്നതിന്റേയും ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
അത്യുഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണ് വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം പൊട്ടിത്തെറിച്ചതെന്നാണ് പാക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. 5 മുതല്‍ 6 അടി വരെ വലുപ്പമുള്ള ഡ്രോണ്‍ വെടിവച്ചിട്ടെന്നാണ് പൊലീസിന്റെ അവകാശവാദം. പൊട്ടിത്തെറി ശബ്ദമുണ്ടായതോടെ പ്രദേശത്തുനിന്ന് ആളുകള്‍ പരിഭ്രാന്തരായി ഇറങ്ങിയോടുന്നതായുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുപിന്നാലെ പാകിസ്താന്‍ ആര്‍മിക്ക് വന്‍ പ്രഹരമായി പാകിസ്താനില്‍ ആഭ്യന്തര സംഘര്‍ഷങ്ങളും നടക്കുകയാണ്. ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തുവെന്നാണ് വിവരം. ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചു. റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യ പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ബലൂചിസ്ഥാന്‍ വിമോചന പോരാളികള്‍ പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്.
Leave a Comment