പാകിസ്ഥാനിൽ ഇന്ത്യ കൊന്നൊടുക്കിയത് നൂറിലധികം ഭീകരരെ : സര്‍വകക്ഷി യോഗത്തിൽ അക്രമണ നടപടി വിശദീകരിച്ച് പ്രതിരോധമന്ത്രി

നിലിവല്‍ സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും രാജ്‌നാഥ് സിങ് സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു

ന്യൂഡല്‍ഹി : ഇന്ത്യന്‍ സേന ബുധനാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മരണ സംഖ്യ ഇനിയും ഉയരുമെന്നും വിവരമുണ്ട്. ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്.

നിലിവല്‍ സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും രാജ്‌നാഥ് സിങ് സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ സായുധസേനകളെ രാഷ്ട്രീയനേതാക്കള്‍ ഒറ്റക്കെട്ടായി അഭിനന്ദിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

അതേസമയം, സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല. പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പ നില്‍ക്കുമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്.ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നടത്തുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം മൂലം 13 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ രാത്രിയിലും ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, ഉറി, അഖ്നൂര്‍ മേഖലകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് പാക് സൈന്യം പീരങ്കി തോക്കുകളും മറ്റും ഉപയോഗിച്ച് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തുവെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Share
Leave a Comment