ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ദുരന്ത തലത്തിലുള്ള തയ്യാറെടുപ്പ് ഉറപ്പാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) എല്ലാ സ്വകാര്യ, സർക്കാർ ടെലികോം കമ്പനികൾക്കും നിർദ്ദേശം നൽകി. നെറ്റ്‌വർക്ക് സുരക്ഷിതമാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ടെലികോം കമ്പനികളോട് ഉത്തരവിട്ടിട്ടുണ്ട്.
സൈബർ ആക്രമണ സാധ്യത കണക്കിലെടുത്താണ് ഡിഒടി ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. മണി കൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വി എന്നിവ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നിലനിർത്തുന്നതിനും നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും പരസ്പരം ഏകോപിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനുശേഷം നടന്ന യോഗത്തിൽ ടെലികോം കമ്പനികളോട്, പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും, അടിയന്തര സാഹചര്യങ്ങളിൽ അവയുടെ സുരക്ഷയും തുടർച്ചയായ പ്രവർത്തനവും ഉറപ്പാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെയും ഇൻസ്റ്റാളേഷനുകളുടെയും പുതുക്കിയ പട്ടിക തയ്യാറാക്കാനും ആവശ്യപ്പെട്ടു.
മെയ് 7 ന് എല്ലാ ടെലികോം കമ്പനികൾക്കും അയച്ച കത്തിൽ ടെലികോം മന്ത്രാലയത്തിന്റെ ദുരന്തനിവാരണ വിഭാഗമാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററിനുള്ളിൽ ബിടിഎസ് സ്ഥലങ്ങളുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടാതെ, സുരക്ഷാ സാഹചര്യങ്ങളിലും ദുരന്ത സാഹചര്യങ്ങളിലും തടസ്സമില്ലാത്ത ആശയവിനിമയം നിലനിർത്താൻ ടെലികോം ഓപ്പറേറ്റർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന, ജില്ലാ തലങ്ങളിലെ അടിയന്തര പ്രവർത്തന കേന്ദ്രങ്ങളിൽ കണക്റ്റിവിറ്റി ഉറപ്പാക്കാൻ പ്രവർത്തിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
Leave a Comment