ആശങ്ക വേണ്ട : നിപ രോഗലക്ഷണങ്ങളുണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്

നിപ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്

മലപ്പുറം : മലപ്പുറത്ത് നിപ രോഗലക്ഷണങ്ങളുണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ആറ് പേരും സമ്പര്‍ക്കപ്പട്ടികയിലെ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരായിരുന്നു. നിപ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

49 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 45 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. 12 പേര്‍ കുടുംബാംഗങ്ങളാണ്. ആകെ ആറുപേര്‍ക്കാണ് രോഗം ലക്ഷണം ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേര്‍ മഞ്ചേരി മെഡി.കോളജില്‍ ചികിത്സയിലാണ്. ഒരാള്‍ എറണാകുളത്ത് ഐസൊലേഷനില്‍ കഴിയുകയാണ്. ഇവരുടെ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്.

ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിള്‍ പരിശോധനക്കയച്ചെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ റൂട്ട്മാപ്പും പുറത്തുവിട്ടിട്ടുണ്ട്.  ഇന്നലെയാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചത്.

നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ഈ വര്‍ഷം ആദ്യമായിട്ടാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്.

Share
Leave a Comment