പാകിസ്താനില്‍ നാഷണല്‍ കമാന്‍ഡന്റ് അതോറിറ്റിയുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. രാജ്യത്തിന്റെ ആണവായുധ ശേഖരണവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ദേശീയ സുരക്ഷാ തീരുമാനങ്ങളും എടുക്കുന്ന രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക സമിതിയുടെ യോഗമാണ് വിളിച്ചത്. സൈനിക സമിതിയുടെ യോഗം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ചതായി പാകിസ്ഥാന്‍ സൈന്യം വ്യക്തമാക്കി.
പാകിസ്താന്റെ നാല് വ്യോമത്താവളങ്ങളില്‍ സ്ഫോടനം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നൂര്‍ഖാന്‍, റാഫിഖി ,മുറിദ് വ്യോമത്താവളങ്ങളിലാണ് സ്ഫോടനമുണ്ടായത്. ആക്രമണം ഉണ്ടായതായി പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. പാകിസ്താന്റെ വ്യോമപാത പൂര്‍ണമായും അടച്ചു. ഇന്ത്യക്കെതിരായ ഓപ്പറേഷന് ‘ബുര്യാന്‍ ഉള്‍ മറൂസ്’ എന്ന് പേരിട്ട പാകിസ്താന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അവകാശവാദം ഉന്നയിച്ചു. അതിനിടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ ഈമാസം പതിനഞ്ച് വരെ അടച്ചു.
അതേസമയം, അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ രാജ്യതലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങള്‍. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ നിര്‍ണായക വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ രാവിലെ 10.30 ന് വിദേശകാര്യ മന്ത്രാലയവും, പ്രതിരോധ മന്ത്രാലയവും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും. പൂഞ്ചിലെയും , രജൌറിയിലെയും ജനവാസ കേന്ദ്രങ്ങളില്‍ അടക്കം പാകിസ്താന്റെ ഷെല്ലാക്രമണം തുടരുകയാണ്. രജൗരിയിലെ പാക് ഷെല്ലിങില്‍ അഡീഷണല്‍ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ രാജ് കുമാര്‍ താപ്പ കൊല്ലപ്പെട്ടു. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകളും, ശ്രീനഗറില്‍ മൂന്ന് പാക് പോര്‍വിമാനങ്ങളും ഇന്ത്യ തകര്‍ത്തു .
Leave a Comment