
കരിവെള്ളൂർ: പലിയേരിയിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ കവർച്ചചെയ്ത കേസിൽ ബന്ധുവായ സ്ത്രീ പോലീസ് പിടിയിൽ. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയുമായ എ.കെ. വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ.കെ. അർജുന്റെ ഭാര്യ ആർച്ച എസ്. സുധിയുടെ ആഭരണങ്ങളാണ് വിവാഹദിവസം നഷ്ടപ്പെട്ടത്.
മേയ് ഒന്നിനായിരുന്നു ഇവരുടെ വിവാഹം. അന്ന് രാത്രിതന്നെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. പോലീസ് അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയിരുന്നില്ല. എന്നാൽ, ഏഴാം തീയതി രാവിലെ വീടിന് സമീപത്തുനിന്ന് ആഭരണങ്ങൾ ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടെടുത്തിരുന്നു. വിവാഹദിവസം സജീവമായി വരന്റെ വീട്ടിലുണ്ടായിരുന്ന പ്രതി രാത്രി ഒൻപതോടെയാണ് കൂത്തുപറമ്പിലേക്ക് പോയത്.
പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ആറിന് രാത്രി 12 മണിയോടെ കൂത്തുപറമ്പിൽനിന്ന് കരിവെള്ളൂരിലെത്തിയാണ് ആഭരണം ഉപേക്ഷിച്ചത്. പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പയ്യന്നൂർ എസ്ഐ പി. യദുകൃഷ്ണന്റെയും മനോജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.
Post Your Comments