മുംബൈ: ഇന്ത്യ – പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎല്‍ നിര്‍ത്തിവെക്കാൻ തീരുമാനം. തല്‍ക്കാലം ഒരാഴ്ചത്തേക്ക് ടൂര്‍ണമെന്‍റ് നിര്‍ത്തിവെക്കാനുള്ള തീരുമാനം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐപിഎല്‍ ഔദ്യോഗിക എക്സ് പോസ്റ്റിലാണ് ഇത് അറിയിച്ചിരിക്കുന്നത്. ഐപിഎല്‍ ടീം ഉടമകളുമായി സംസാരിച്ചശേഷം കളിക്കാരുടെ ആശങ്കയും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് ബിസിസിഐ വ്യക്തമാക്കി.ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് ബിസിസിഐ നിര്‍ണായക തീരുമാനമെടുത്തത്.
ഈ നിർണായക ഘട്ടത്തിൽ, ബിസിസിഐ രാജ്യത്തോടൊപ്പം ഉറച്ചുനിൽക്കുന്നു. സര്‍ക്കാരിനോടും സായുധ സേനകളോടും, നമ്മുടെ രാജ്യത്തെ ജനങ്ങളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനു കീഴിൽ രാജ്യത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വീരോചിതമായ ശ്രമങ്ങൾ തുടരുന്ന നമ്മുടെ സായുധ സേനയുടെ ധീരതയ്ക്കും, ധൈര്യത്തിനും, നിസ്വാർത്ഥ സേവനത്തിനും ബിസിസിഐ അഭിവാദ്യം അർപ്പിക്കുന്നു.
ടീമുകളുടെയും കളിക്കാരുടെയും ആശങ്കയും വികാരങ്ങളും കണക്കിലെടുത്തും പ്രക്ഷേപകരുടെയും സ്പോൺസർമാരുടെയും ആരാധകരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചും എല്ലാ പ്രധാന പങ്കാളികളുമായും കൂടിയാലോചിച്ച ശേഷമാണ് ഐപിഎൽ ഭരണ സമിതി തീരുമാനം എടുത്തത്. നമ്മുടെ സായുധ സേനയുടെ ശക്തിയിലും തയ്യാറെടുപ്പിലും ബിസിസിഐ പൂർണ്ണ വിശ്വാസമർപ്പിച്ചിട്ടുണ്ടെങ്കിലും, എല്ലാ പങ്കാളികളുടെയും കൂട്ടായ താൽപ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നത് ബുദ്ധിപരമായ തീരുമാനമെന്നാണ് ബിസിസിഐ വിലയിരുത്തുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.
Leave a Comment