പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം ഒഴിവാക്കി

തിരുവനന്തപുരം / ശബരിമല : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം ഒഴിവാക്കി. 19ന് ശബരിമല ദർശനത്തിനായി രാഷ്ട്രപതി എത്തുമെന്ന രീതിയിലായിരുന്നു ഒരുക്കങ്ങൾ. ഇതനുസരിച്ച് 18നും 19നും വെർച്വൽ ക്യൂ ഒഴിവാക്കിയിരുന്നു.

എന്നാൽ, രാഷ്ട്രപതിയുടെ സന്ദർശനം ഒഴിവാക്കിയതോടെ  വെർച്വൽ ക്യൂ ബുക്കിങ് പുനരാരംഭിച്ചു. ഇന്ത്യാ–പാക് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല സന്ദർശനം തൽക്കാലത്തേക്ക് ഒഴിവാക്കിയത്. സന്ദർശനം ഒഴിവാക്കിയ വിവരം പൊലീസാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചത്.

അതേസമയം, ഒരുക്കങ്ങൾ പൂർണമാക്കിയിരുന്നുവെന്നും മറ്റൊരു അവസരത്തിൽ രാഷ്ട്രപതി ശബരിമല ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഇടവമാസ പൂജയ്ക്കായി 14ന് വൈകിട്ട് 4ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി ഉണ്ട്.

Share
Leave a Comment