മുംബൈ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി തരത്തിലുള്ള കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. മെയ് 8, 9 തീയതികളിൽ പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ നൂറുകണക്കിന് ഡ്രോൺ ആക്രമണങ്ങളാണ് നടത്തിയത്. എന്നാൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെല്ലാം നിർവീര്യമാക്കി.
അതേസമയം ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട ഒരു സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഉപയോക്താക്കളോട് അവരുടെ ഫോണുകളുടെ ലൊക്കേഷൻ ഓഫ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഡ്രോൺ ആക്രമണത്തിന്റെ പേരിൽ ഇത്തരത്തിൽ നിരവധി നുണകളാണ് പ്രചരിപ്പിക്കുന്നത്.
എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അവകാശവാദം തെറ്റാണെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ (പിഐബി )യുടെ വസ്തുതാ പരിശോധനാ സംഘം കണ്ടെത്തുകയും കിംവദന്തികൾ ഒഴിവാക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഡ്രോൺ ആക്രമണങ്ങൾ ഒഴിവാക്കാൻ ആളുകൾ ഫോണുകളുടെ ലൊക്കേഷൻ ഓഫ് ചെയ്യണമെന്ന് അവകാശപ്പെടുന്നതാണ് വ്യാജ സന്ദേശത്തിൽ പറയുന്നത്.
ലൊക്കേഷൻ ഓഫാക്കിയാൽ ഡ്രോണുകൾക്ക് അവയെ ട്രാക്ക് ചെയ്യാൻ കഴിയില്ല. ലൊക്കേഷൻ ഓണാക്കുന്നതിലൂടെ ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ കഴിയുമെന്നും ഈ സന്ദേശത്തിൽ അവകാശപ്പെടുന്നു. കേന്ദ്ര സർക്കാരിൻ്റെ ഉപദേശം എന്ന പേരിലാണ് ഈ സന്ദേശം പ്രചരിപ്പിക്കുന്നത്.
എന്നാൽ കള്ളത്തരം കണ്ടുപിടിച്ച പിഐബിയുടെ ഫാക്റ്റ് ചെക്ക് ടീം ഇക്കാര്യം എക്സിൽ കുറിക്കുകയും ചെയ്തു. ഇത് പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. സർക്കാർ അത്തരമൊരു ഉപദേശം നൽകിയിട്ടില്ല. കൂടാതെ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന പ്രചാരണങ്ങൾ ഒഴിവാക്കാനും ജനങ്ങൾക്ക് നിർദ്ദേശം നൽകി.
Leave a Comment