International

യുഎസുമായി സാമ്പത്തികയുദ്ധത്തിന് ഇല്ലെന്ന് ചൈന

ജനീവ: യുഎസും ചൈനയും തമ്മിലുള്ള ‘തീരുവ യുദ്ധം’ പരിഹരിക്കാൻ ഇരുരാജ്യങ്ങളും നടത്തിയ ചർച്ചയിൽ ഏകദേശ ധാരണ. വ്യവസ്ഥകൾ വിശദീകരിക്കാൻ തൽക്കാലം പരിമിതിയുണ്ടെന്ന് രണ്ടു രാജ്യങ്ങളും അറിയിച്ചെങ്കിലും ഇന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തുവരുമെന്നാണ് സൂചന.

ചർച്ചകൾ സൗഹാര്‍ദപരവും ക്രിയാത്മകവുമായിരുന്നെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി ഹീ ലിഫെങ് പറഞ്ഞു. യുഎസുമായി സാമ്പത്തികയുദ്ധത്തിന് ചൈനയ്ക്ക് താൽപര്യമില്ല. എന്നാൽ, ചൈനയുടെ താൽപര്യം സംരക്ഷിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ ചർച്ച തുടങ്ങിയതിനു പിന്നാലെ ചർച്ചയിൽ വലിയ പുരോഗതിയുണ്ടായെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി വ്യക്തമാക്കിയിരുന്നു.

തുടക്കത്തിൽ ഇതിനോട് സമൂഹമാധ്യമത്തിലൂടെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ചൈന പിന്നീട് ചർച്ചകൾ കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്ന സൂചനയാണ് നൽകിയത്. ചർച്ച രണ്ടാം ദിവസത്തിലേക്കു കടന്നപ്പോഴാണ് ട്രംപിന്റെ പ്രസ്താവന വന്നത്. സ്വിസ് അംബാസഡറുടെ വസതിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തവർ മാധ്യമങ്ങളോട് സംസാരിക്കാൻ തയാറായില്ല. ചർച്ച തുടങ്ങുന്നതിനു മുൻപ് താരിഫ് 80% ആയി കുറയ്ക്കാൻ സന്നദ്ധത ട്രംപ് പ്രകടിപ്പിച്ചു. ട്രഷറി വകുപ്പ് മേധാവി സ്കോട്ട് ബെസെന്റ് ആണ് യുഎസ് സംഘത്തെ നയിക്കുന്നത്.

കഴിഞ്ഞ മാസം ട്രംപ് ചൈനീസ് സാധനങ്ങൾക്ക് 145% തീരുവ പ്രഖ്യാപിച്ചതോടെ ചൈന 125% തീരുവ പ്രഖ്യാപിച്ച് തിരിച്ചടിച്ചിരുന്നു. കഴിഞ്ഞവർഷം 660 ബില്യൻ യുഎസ് ഡോളറിന്റെ വ്യാപാരം നടത്തിയ ഇരു രാജ്യങ്ങളും പരസ്പരം ബഹിഷ്കരിക്കുന്നതിനു സമാനമായി ഈ ഏറ്റുമുട്ടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button