ഓപ്പറേഷന്‍ സിന്ദൂറിനെതിരെ അധിക്ഷേപ കുറിപ്പ് : റിജാസിന്റെ വീട്ടില്‍ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു

ഇന്നലെ രാത്രിയാണ് നാഗ്പൂര്‍ പോലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പോലീസും റിജാസിന്റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തിയത്.

കൊച്ചി : ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെതിരെ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിന് അറസ്റ്റിലായ റിജാസിന്റെ വീട്ടില്‍ പോലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും സംയുക്ത പരിശോധന. ഇന്നലെ രാത്രിയാണ് നാഗ്പൂര്‍ പോലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പോലീസും റിജാസിന്റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തിയത്.

റിജാസിന്റെ വീട്ടില്‍ നിന്ന് മഹാരാഷ്ട്ര പോലീസ് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. വീട്ടിൽ നിന്ന് പെന്‍ഡ്രൈവുകളും ഫോണും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ പരിശോധന നടത്താനാണ് മഹാരാഷ്ട്ര പോലീസിന്റെ നീക്കം. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം റിജാസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു. പനമ്പിള്ളി നഗറിലാണ് റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍, പോലീസ് ഇടപെടുകയും റിജാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മഹാരാഷ്ട്ര പോലീസ് ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, റിജാസിന്റെ കൊച്ചിയിലെ ബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും മറ്റു ഇടപെടലുകളുമെല്ലാം പോലീസ് വിശദമായി പരിശോധിച്ചുവരുകയാണ്.

റിജാസിനേയും സുഹൃത്തിനേയും കഴിഞ്ഞ ദിവസമാണ് നാ​ഗ്പൂരിൽ നിന്ന് പോലീസ് അറസ്റ്റുചെയ്തത്. സുഹൃത്തിനെ പിന്നീട് പോലീസ്‌ വിട്ടയച്ചെങ്കിലും റിജാസ് നിലവിൽ പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസെടുത്തിരിക്കുന്നത്.

Share
Leave a Comment