സംസ്ഥാനത്ത് കാലവർഷാരംഭം: കടലിൽ പോകുന്നവർ ശ്രദ്ധിക്കുക; മൂന്ന് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷത്തോട് അനുബന്ധിച്ചുള്ള മഴ ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിനോട് ചേർന്ന് ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപത്തേഴാം തീയതിയോടെ കാലവർഷം കേരളാ തീരം തൊട്ടേക്കും.

 

Share
Leave a Comment