ഫറോക്ക്: പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ മനുഷ്യക്കടത്ത് കേസിലെ പ്രതിയെ വീണ്ടും പൊലീസ് പിടികൂടി. അസം ഉപലേശ്വർ വില്ലേജിലെ ഭവാനിപുർ സ്വദേശി നസീദുൽ ഷെയ്ക്ക്(21)ആണ് അറസ്റ്റിലായത്. 2024 ഒക്ടോബറിൽ അസമിലെ ഭവാനിപ്പുരിൽനിന്നും ഇയാളെ നല്ലളം പൊലീസ് പിടികൂടിയിരുന്നെങ്കിലും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വെച്ച് പൊലീസിനെ വെട്ടിച്ച് രക്ഷപെടുകയായിരുന്നു.
അസമിൽ നിന്നുതന്നെയാണ് ഇയാളെ പൊലീസ് വീണ്ടും പിടികൂടിയത്. ഇതേ കേസുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശി സുഷിൽകുമാറി(35)നെ നല്ലളം പൊലീസ് കഴിഞ്ഞവർഷം മേയിൽ നല്ലളം പൊലീസ് പിടികൂടിയിരുന്നു.നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിനിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി എന്നതാണ് കേസ്.
കേരളത്തിൽ നിന്നും പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ ഇനസീദുൽ ഷെയ്ക്ക് സ്വന്തം പിതാവിന് കൈമാറുകയും ഇയാൾ പണം വാങ്ങി ഹരിയാന സ്വദേശിക്ക് വിൽക്കുകയുമായിരുന്നു. ഈസമയം പെൺകുട്ടി ഗർഭിണിയായിരുന്നു. എന്നാൽ, കേസിലെ പ്രധാനപ്രതിയായ നസീദുൽ ഷെയ്ക്കിനെയും പിതാവിനെയും പൊലീസിന് അന്ന് കണ്ടെത്താനായില്ല.
സൈബർസെല്ലിന്റെ നിരന്തര അന്വേഷണത്തിനൊടുവിൽ 2024 ഒക്ടോബറിൽ അസമിലെ ഭവാനിപ്പുരിൽനിന്ന് നസീദുൽ ഷെയ്ക്കിനെ നല്ലളം പൊലീസ് പിടികൂടി. തുടർന്ന് തീവണ്ടിമാർഗം നാട്ടിലേക്കുകൊണ്ടുവരുമ്പോൾ ബിഹാറിലെ കാട്ടിഹാർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിനിർത്തുന്നതിനിടെ നസീദുൽ ഷെയ്ക്ക് ചാടി രക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അന്ന് കേസന്വേഷിച്ചിരുന്ന നല്ലളം സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്കുനേരേ വകുപ്പുതലനടപടിയുമുണ്ടായി.
സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ, ഫറോക്ക് അസി. കമ്മിഷണർ എ.എം. സിദ്ദീഖ് എന്നിവരുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിലാണ് പ്രതി അസമിലുണ്ടെന്നവിവരം ദിവസങ്ങൾക്കുമുൻപ് വീണ്ടും പോലീസിനുലഭിക്കുന്നത്. തുടർന്ന് നല്ലളം പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അസമിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, പോക്സോ വകുപ്പുകൾചേർത്താണ് നസീദുൽ ഷെയ്ക്കിന്റെപേരിൽ കേസെടുത്തത്.
Leave a Comment