വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: അര്‍ച്ചന തങ്കച്ചന്‍ അറസ്റ്റില്‍

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ച(28)നെയാണ് കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി ശരിയാക്കിത്തരാം എന്നുപറഞ്ഞ് 2023ല്‍ രണ്ട് തവണയായി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.

അര്‍ച്ചന വയനാട് വെളളമുണ്ടയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്നിയങ്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, എസ്‌ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയും മാനേജരും എന്ന പേരില്‍ പലരുമായും ബന്ധപ്പെട്ട യുവതി ഇവരില്‍ നിന്നെല്ലാം പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സമാന കുറ്റകൃത്യം നടത്തിയതിന്റെ പേരില്‍ അര്‍ച്ചനയുടെ പേരില്‍ എറണാകുളം പോലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകളും വെള്ളമുണ്ടയില്‍ ഒരു കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്തു.

 

Share
Leave a Comment