
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ പെൺവാണിഭ കേന്ദ്രം സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺവാണിഭ കേന്ദ്രം നടത്തിപ്പിക്കാരനായ അസം സ്വദേശി ഫുർഖാൻ അലി (26)ക്ക് എല്ലാ ഒത്താശയും ചെയ്ത് ഒപ്പം നിന്നത് കാമുകിയായ യുവതിയാണ്. ഇരുപത്തിനാലുകാരിയായ അക്ളിമ ഖാതുൻ തന്റെ കാമുകനൊപ്പം പെൺവാണിഭത്തിൽ പങ്കാളിയാകികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഫുർഖാൻ അലിയേയും കാമുകിയേയും ഒഡിഷയിൽനിന്ന് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
അസം സ്വദേശിനിയായ പതിനേഴുകാരി ഇവരുടെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് നഗരമധ്യത്തിലെ പെൺവാണിഭ കേന്ദ്രത്തെ കുറിച്ച് പൊലീസിനും വിവരം ലഭിക്കുന്നത്. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ജോലി വാഗ്ദാനംചെയ്താണ് കടത്തികൊണ്ടുവന്നത്.
കാമുകീ കാമുകന്മാരായ പ്രതികൾ പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചശേഷം കേരളത്തിൽ വീട്ടുജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് അസമിൽനിന്ന് പെൺകുട്ടിയെ കേരളത്തിലെത്തിക്കുകയായിരുന്നു.
തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മുറിയിൽ പൂട്ടിയിട്ട് അനാശാസ്യപ്രവർത്തനം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ പലരുടേയും മുമ്പിലെത്തിച്ചെന്നും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നുമാണ് കേസ്.
കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ കേരളത്തിൽനിന്ന് മുങ്ങി. കേസിന്റെ അന്വേഷണത്തിനിടെ പ്രതികൾ ഒറീസയിലെ ഭദ്രക് റെയിൽവേ സ്റ്റേഷൻ ഭാഗത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്സിപിഒ വന്ദന, സിപിഒമാരായ സോണി നെരവത്ത്, ജിതിൻ, മെഡിക്കൽ കോളേജ് സ്റ്റേഷൻ എഎസ്ഐ അനൂപ്, സിപിഒ സാജിദ്, സിപിഒ അമീൻ ബാബു എന്നവരടങ്ങിയ സംഘം പ്രതികളെ ഒഡിഷയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments