കൊച്ചി : എറണാകുളത്തെ കടവന്ത്രയില്‍ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് സെന്ററില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. കടവന്ത്രയില്‍ സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന റെയില്‍വേയുടെ കാറ്ററിങ് സെന്ററായ വൃന്ദാവന്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടിയത്.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഇവിടെ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി വി സുരേഷ് പറഞ്ഞു. കോര്‍പ്പറേഷന്‍ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.
ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. സ്ഥാപനത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് പരിശോധന നടത്തിയത്. പഴകിയ ഇറച്ചിയടക്കം സൂക്ഷിച്ച് വച്ചതായി കണ്ടെത്തി. റെയില്‍വേയുടെ കാന്റീനിലേക്കും ഇവിടെ നിന്നാണ് ഭക്ഷണം അയക്കുന്നത്. സ്ഥാപനം അടച്ചു പൂട്ടി സീല്‍ ചെയ്യുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി വി സുരേഷ് അറിയിച്ചു.
മുമ്പും വൃന്ദാവന്‍ എന്ന സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിരുന്നു. മലിന ജലം പുറത്തേക്ക് ഒഴുക്കുന്നുവെന്നായിരുന്നു അന്ന് പരാതി ലഭിച്ചത്. അന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും ഫൈന്‍ അടപ്പിക്കുകയും ചെയ്തിരുന്നു.
Leave a Comment