ജമ്മുകശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ: ജെയ്ഷെ ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടി സൈന്യം. പുൽവാമ ജില്ലയിലെ ത്രാലിൽ ആണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്. ഇന്ന് (വ്യാഴാഴ്ച) പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഈ പ്രദേശത്തുണ്ടാകുന്നത്. മൂന്ന് ജെയ്ഷെ ഭീകരരെ സൈന്യം വളഞ്ഞുവെന്നാണ് റിപ്പോർട്ട്.

ഏറ്റുമുട്ടൽ വിവരം ജമ്മുകശ്മീർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, സൈനിക ഓപ്പറേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജമ്മുകശ്മീർ പൊലീസ് പുറത്തുവിട്ടിട്ടില്ല.രണ്ട് ​ദിവസം മുമ്പ് നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചിരുന്നു. ലശ്കർ-ഇ ത്വയിബ ഭീകരരെയാണ് സൈന്യം വധിച്ചത്. ഷോപിയാനിലെ കെല്ലാർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഷാഹിദ് കുറ്റെ, അദ്നാൻ ഷാഫി എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 2023ൽ ലശ്കറിൽ ചേർന്ന കുറ്റെ കഴിഞ്ഞ വർഷം ഏപ്രിൽ എട്ടിന് നടന്ന ഡാനിഷ് റിസോർട്ട് വെടിവെപ്പിലെ പ്രതിയാണ്. വെടിവെപ്പിൽ ജർമ്മൻ വിനോദസഞ്ചാരിക്കും ഡ്രൈവർക്കും പരിക്കേറ്റിരുന്നു.

ബി.ജെ.പി സർപഞ്ചിന്റെ കൊലപാതക കേസിലും ഇയാൾ പ്രതിയാണെന്നാണ് സൈന്യം പറയുന്നത്. 2024ലാണ് അദ്നാൻ ഷാഫി ലശ്കർ ഇ ത്വയിബയിലെത്തിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിരുന്നു.

Share
Leave a Comment