അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം : പ്രതിയായ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം

തിരുവനന്തപുരം : വഞ്ചിയൂരില്‍ യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം.

ബോധപൂര്‍വ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയിലിന്‍ ദാസ് പറയുന്നു. ജൂനിയര്‍ അഭിഭാഷകയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതി. പ്രതിയായ സീനിയര്‍ അഭിഭാഷകനെ പിടികൂടാന്‍ വൈകുന്നതില്‍ കടുത്ത അതൃപ്തിയിലാണ് കുടുംബം.

ബെയിലിന്‍ ദാസിനെ അഭിഭാഷക മര്‍ദ്ദിച്ചെന്ന ബാര്‍ അസോസിയഷന്‍ സെക്രട്ടറിയുടെ പ്രസ്താവന കള്ളമാണെന്നും കുടുംബം പറഞ്ഞു. യുവ അഭിഭാഷക ശ്യാമിലിയ്‌ക്കെതിരെ ഇന്നലെയാണ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജി മുരളീധരന്റെ ഗുരുതര ആരോപണം.  അതേസമയം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി കള്ളം പ്രചരിപ്പിക്കുകയാണെന്നും ജാമ്യം കിട്ടാനുള്ള പ്രചാരണമാണിതെന്നും ശ്യാമിലി മര്‍ദ്ദിച്ചിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടെ എന്നും യുവതിയുടെ മാതാവ് വസന്ത പറഞ്ഞു.

സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്തതില്‍ വിഷമമുണ്ടെന്നും കുടുബം കൂട്ടിച്ചേര്‍ത്തു. പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് വഞ്ചിയൂര്‍ പോലീസ് വ്യക്തമാക്കി.

Share
Leave a Comment