നെടുമ്പാശേരിയിൽ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം : കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി : നെടുമ്പാശേരിയില്‍ ഐവിന്‍ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. വാഹനം തട്ടിയതിന് പിന്നാലെ ഐവിനെ മര്‍ദിച്ചെന്നും വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും പ്രതികള്‍ മൊഴി നല്‍കി.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത് എന്ന് രണ്ടാം പ്രതി മോഹന്‍ മൊഴി നല്‍കി.

വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ(24) കാറിടിച്ച് കൊലപ്പെടുത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു.

അതിനിടെ ഐവിന്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ഇതിന് പിന്നാലെ ഐവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചു കൊണ്ടുപോയെന്നും എഫ്‌ഐആറില്‍ പറയുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ഐവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഹോട്ടല്‍ ജീവനക്കാരനാണ് ഐവിന്‍.

Share
Leave a Comment