പോസ്റ്റല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയേക്കും. ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരം കേസ് എടുക്കാമെന്നാണ് വിലയിരുത്തല്‍. കേസെടുക്കുന്നതിലുള്ള നിയമപോദേശം ആലപ്പുഴ സൗത്ത് പൊലീസിന് ഇന്ന് ലഭിക്കും. ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ ബിജി ആണ് നിയമോപദേശം നല്‍കുക. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാകളക്ടര്‍ സൗത്ത് പൊലീസ് എസ്എച്ച്ഒ യ്ക്ക് കത്ത് നല്‍കിയിരുന്നു.
വിഷയം ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലും ചര്‍ച്ചയാകും. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ സിപിഐഎം കൂട്ടുനിന്നു എന്ന വിമര്‍ശനമാണ് ഉയരുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ അഭിസംബോധന ചെയ്യാതിരിക്കാന്‍ സിപിഐഎമ്മിന് സാധിക്കില്ലെന്നാണ് വിവരം.
ജി സുധാകരന്‍ മാറ്റിപ്പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിലപാട് സെക്രട്ടറിയേറ്റില്‍ കൈക്കൊള്ളും. ജി സുധാകരന്റെ പ്രതികരണത്തെ തള്ളിപ്പറയാന്‍ ഇന്നലെത്തന്നെ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ആലപ്പുഴ ജില്ലാ നേതൃത്വം സുധാകരനെ തള്ളിയത്. സുധാകരന്റെ വെളിപ്പെടുത്തലിനോടുള്ള സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണവും ഇന്നുണ്ടായേക്കും.
ആലപ്പുഴയില്‍ കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റിയുള്ള ജി സുധാകരന്റെ വെളിപ്പെടുത്തല്‍. 1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജടതു സ്ഥാനാര്‍ഥിയായി കെ.വി.ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടറി ജി സുധാകരന്‍ ആയിരുന്നു. അന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തല്‍. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വക്കം അന്ന് വിജയിച്ചത്.
Leave a Comment