വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ റിസോര്‍ട്ടില്‍ ഹട്ട് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം. അപകടത്തില്‍ പരുക്കേറ്റത് നിഷ്മയ്ക്ക് മാത്രമായിരുന്നു കൂടെയുണ്ടായിരുന്ന മറ്റാര്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ല ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ദുരൂഹത നീക്കാന്‍ അന്വേഷണം വേണം. മകളുടെ മരണത്തില്‍ പ്രത്യേകസംഘം വെച്ച് തന്നെ അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ മാതാവ് ആവശ്യപ്പെട്ടു.
‘വളരെ സന്തോഷത്തോടെയായിരുന്നു മകള്‍ യാത്രപോയിരുന്നത്. യാത്ര പോയതിന് ശേഷം ഫോണില്‍ സംസാരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ റേഞ്ച് കിട്ടിയിരുന്നില്ല. അപകടത്തിന്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. അവര്‍ ആരൊക്കെയാണെന്ന് അറിയില്ല’, കുടുംബം പറഞ്ഞു.
നിഷ്മയുടെ ശരീരത്തില്‍ അപകടം പറ്റിയ ഒരു മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ല. അത്രവലിയ ഭാരമുള്ള ടെന്റ്റ് വീഴുമ്പോള്‍ എന്തായാലും ഒരു മുറിവെങ്കിലും കാണും എന്നാല്‍ അത് പോലും കണ്ടിരുന്നില്ല. എന്തായിരുന്നു അന്ന് മകള്‍ക്ക് സംഭവിച്ചത്. അതൊരു ചോദ്യചിഹ്നമായി കിടക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.
വ്യാഴം പുലര്‍ച്ചെ രണ്ടിനായിരുന്നു വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്‌സ് റിസോര്‍ട്ടിലെ ഹട്ട് തകര്‍ന്ന് അപകടമുണ്ടായത്. നിലമ്പൂര്‍ അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശിനിയായ നിഷ്മ താമസിച്ച ഹട്ടാണ് തകര്‍ന്നു വീണത്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഹട്ടായിരുന്നു. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ റിസോര്‍ട്ട് മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Leave a Comment