രാജ്യത്തിനൊപ്പം നിൽക്കേണ്ടത് കടമയാണ് , ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല : ശശി തരൂർ

കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂർ എക്സിൽ പ്രതികരിച്ചിരുന്നു

ന്യൂഡൽഹി : പാകിസ്താനെതിരായ ഇന്ത്യയുടെ നീക്കം ‘ഓപറേഷൻ സിന്ദൂർ’ വിദേശ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയതിൽ വിശദീകരണവുമായി കോൺഗ്രസ്സ് നേതാവ് ശശി തരൂർ. രാജ്യത്തിന്റെ പ്രശ്‌നത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും പാർട്ടിയും സർക്കാറും തമ്മിലുള്ള വിഷയം അറിയില്ലെന്നും തരൂർ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

രാജ്യത്തിനൊപ്പം നിൽക്കേണ്ടത് കടമയാണ്. രാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ക്ഷണിച്ചത് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി നൽകിയ പട്ടികയിൽ പേരില്ലാത്തത് പാർട്ടിയും സർക്കാറും തമ്മിലുള്ള തർക്കമാണ്. തന്നെ അപമാനിക്കാൻ ആർക്കും പെട്ടെന്ന് കഴിയില്ല. മാധ്യമങ്ങളാണ് വിവാദമുണ്ടാക്കുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടിയോട് ചോദിക്കൂ. നിങ്ങൾ ഓരോന്ന് ചോദിക്കുമ്പോൾ എനിക്ക് തന്നെ സംശയം തോന്നുന്നു. സർക്കാർ ആവശ്യപ്പെട്ടത് കൊണ്ടാണ് ഞാൻ സമ്മതം കൊടുത്തത്. ഇതിൽ മറ്റൊരു വിഷയവും നടന്നിട്ടില്ലെന്നും തരൂർ പറഞ്ഞു.

കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂർ എക്സിൽ പ്രതികരിച്ചിരുന്നു. അഞ്ച് പ്രധാന തലസ്ഥാനങ്ങളിലേക്ക് ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനും സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്‍റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നുവെന്നാണ് തരൂർ എക്സിൽ കുറിച്ചത്.

Share
Leave a Comment