മുക്കുപണ്ടം പണയം വച്ച് നാലര ലക്ഷം തട്ടി; മരിച്ചെന്ന് വ്യാജവാര്‍ത്തയുണ്ടാക്കി തമിഴ്‌നാട്ടിലേക്ക് മുങ്ങി

മരണപ്പെട്ടെന്ന് സ്വയം വാര്‍ത്ത കൊടുത്തു തട്ടിപ്പ് നടത്തിയ പ്രതിയെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂര്‍ സ്വദേശിയായ സജീവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് നാലരലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി പത്രങ്ങളില്‍ മരണപ്പെട്ടു എന്ന് പരസ്യം നല്‍കുകയായിരുന്നു.

2023 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. നാലു തവണയായി സ്വര്‍ണ്ണം പണയം വെച്ചാണ് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപ സജീവ് എന്ന സുബി വാങ്ങിയത്. തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് മുങ്ങി. പിന്നാലെ മരണപ്പെട്ടു എന്ന് ഇയാള്‍ തന്നെ പത്രത്തില്‍ വാര്‍ത്ത കൊടുത്തു. നാട്ടുകാര്‍ അടക്കം എല്ലാവരും ഇത് വിശ്വസിച്ചു എങ്കിലും പൊലീസിന് ചില സംശയങ്ങള്‍ ഉണ്ടായി. ആ സംശയം എത്തി നിന്നത് ഭാര്യയുടെ ഫോണിലേക്ക് വന്ന ഒരു ഫോണ്‍കോളിലാണ്. ഈ നമ്പര്‍ ആരുടേത് അന്വേഷിച്ച് എത്തിയ പൊലീസിന് സജീവ് ജീവിച്ചിരിപ്പുണ്ട് എന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് തമിഴ്നാട്ടില്‍ എത്തി തന്ത്രപൂര്‍വം ഇയാളെ പിടികൂടുകയായിരുന്നു.

തമിഴ്നാട്ടില്‍ ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി. സ്വന്തം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ പുതിയ മൊബൈല്‍ നമ്പര്‍ എടുത്തു. ഇതാണ് പ്രതിയെ കുടുക്കിയത്. ഇയാള്‍ക്കെതിരെ മറ്റു ചില തട്ടിപ്പ് കേസുകള്‍ കൂടി ഉണ്ടെന്നാണ് വിവരം.

Share
Leave a Comment