തിരുവനന്തപുരം : കൈമനത്ത് ഒഴിഞ്ഞ പുരയിടത്തിൽ കരുമം സ്വദേശി ഷീജ(50)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എങ്കിലും കൊലപാതകസാധ്യതയും പരിശോധിക്കുന്നുണ്ട്. ഷീജയുടെ ആൺസുഹൃത്ത് സജികുമാറിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കൊലപാതകസാധ്യത ഉണ്ടോ എന്നു വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ശാസ്ത്രീയപരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. സജിയുടെ വീടിന്റെ തൊട്ടടുത്ത പുരയിടത്തിലാണ് ഷീജയുടെ മൃതദേഹം കണ്ടത്. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട സജികുമാറിന്റെ നിരന്തര ഭീഷണിയെ തുടർന്ന് ഇവർ ജീവനൊടുക്കിയതാണെന്നാണു നിഗമനം. ഇയാൾക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
കോവിഡ് സമയത്താണ് സജികുമാറും ഷീജയും പരിചയപ്പെട്ടത്. ഷീജയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയ സജികുമാർ, അതുകാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഷീജയുമായുള്ള ഇയാളുടെ ഫോൺ ചാറ്റിൽ ഭീഷണി സംബന്ധിച്ച തെളിവുകളുണ്ട്. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് സംഭവദിവസം ഷീജയെ ഇയാൾ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ഷീജയ്ക്കു ജീവൻ നഷ്ടമായിരിക്കുന്നത്. ഷീജ ജീവനൊടുക്കിയതാണോ അതോ അവരെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വ്യാഴാഴ്ച രാത്രി പുരയിടത്തിൽനിന്നു സ്ത്രീയുടെ നിലവിളിയും തീയും പുകയുമുയരുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ശബ്ദം കേട്ട് ഇവരെത്തിയപ്പോഴേക്കും ആളെ തിരിച്ചറിയാൻ കഴിയാത്തവിധം മൃതദേഹം പൂർണമായി കത്തിയിരുന്നു. കരുമത്ത് നിന്ന് ഒരു സ്ത്രീയെ കാണാതായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണു മൃതദേഹം ഷീജയുടെതാണെന്നു കണ്ടെത്തിയത്. ഇന്നലെ രാവിലെ ഇവരുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
Leave a Comment