കോഴിക്കോട് തീപിടുത്തം:2മണിക്കൂർ പിന്നിട്ടിട്ടും തീ അണയ്ക്കാനായില്ല, കരിപ്പൂർ വിമാനത്താവളത്തിലെ അഗ്നിശമനസേന സ്ഥലത്തെത്തി

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) വൈകീട്ട് തുടങ്ങിയ വൻ തീപിടിത്തം ഇപ്പോഴും തുടരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽനിന്നും നിരവധി യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

പുതിയ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ പൂട്ടിച്ചു. ആർക്കും ആളപായമില്ലെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചു.

Share
Leave a Comment