റാപ്പര്‍ വേടന്‍റെ പരിപാടിയ്ക്കിടെ തിക്കും തിരക്കും: 15 പേര്‍ക്ക് പരിക്ക്, ലാത്തി വീശി പൊലീസ്

മന്ത്രി എംബി രാജേഷ്, ഒ ആര്‍ കേളു ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പരിപാടിക്കെത്തിയിരുന്നു

പാലക്കാട്: കോട്ടമൈതാനത്ത് റാപ്പര്‍ വേടന്‍റെ പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരിക്ക്. കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തി വീശി. പൊലീസും സംഘാടകരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.

തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതായതോടെ മൂന്ന് പാട്ട് പാടിയതിനെത്തുടര്‍ന്ന് വേടന്‍ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു. പട്ടികജാതി – പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തിന്‍റെ ഭാഗമായി ഇന്ന് വൈകിട്ട് ആറ് മണിക്കായിരുന്നു കോട്ടമൈതാനത്ത് വേടന്‍റെ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. മന്ത്രി എംബി രാജേഷ്, ഒ ആര്‍ കേളു ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പരിപാടിക്കെത്തിയിരുന്നു. വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ആറ് മണിയോട് കൂടി ഗ്രൗണ്ടിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചിരുന്നു.

എന്നാല്‍ ബാരിക്കേഡ് തള്ളി മറിച്ചും മറ്റും പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ കോട്ടമൈതാനത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതോടെ പൊലീസിന് തിരക്ക് നിയന്ത്രിക്കാന്‍ പറ്റാതായി. എട്ട് മണിയോടെയാണ് വേടന്‍ വേദിയിലേക്കെത്തിയത്.

Share
Leave a Comment