അതൊരു മരണക്കിണറായിരുന്നു: ഒന്നിനു പുറകെ ഒന്നായി 8 പേരുടെ ജീവനെടുത്ത കിണര്‍

മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയുടെ ഹൃദയഭാഗത്തുള്ള കോണ്ട്വാത് ഗ്രാമം, ഇന്ന് ആഴത്തിലുള്ള നിശബ്ദതയാല്‍ മൂടപ്പെട്ടിരിക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വയലുകളിലും ഇടവഴികളിലും കനംകെട്ടിയ നിശബ്ദത ഭയപ്പെടുത്തുന്നതാണ്. പ്രദേശത്തെ ഒരു സാധാരണ കിണര്‍, ഗ്രാമത്തില്‍ തുടര്‍ച്ചയായി ഉണ്ടായ ദുരന്തങ്ങളുടെ പ്രഭവ കേന്ദ്രമായി മാറിയതോടെയാണ് ഗ്രാമത്തിലെങ്ങും ഭയം നിഴലിച്ച് തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏപ്രില്‍ മൂന്നിനായിരുന്നു സംഭവങ്ങളുടെ തുടക്കം. ആദ്യ മരണത്തിന് തൊട്ട് പിന്നാലെ ഒന്നിന് പിന്നാലെ മരണങ്ങളുടെ പരമ്പരയാണ് പിന്നെ സംഭവിച്ചത്. ഗ്രാമത്തിലെ എട്ട് പേരാണ് ആ ഒരു കിണറ്റില്‍ വീണ് മരണമടഞ്ഞത്. കിണറ്റില്‍ വീണവരെ രക്ഷിക്കാന്‍ ഇറങ്ങിയവര്‍ കിണറിലെ മരണക്കെണിയില്‍ കുടുങ്ങുകയായിരുന്നു. കിണറിന്റെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയിരുന്ന വിഷവാതകമാണ് കിണറ്റില്‍ ഇറങ്ങിയ വ്യക്തികളെ ഒന്നൊന്നായി മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പിന്നീട് ശാസ്ത്രീയ പരിശോധനകളില്‍ തെളിഞ്ഞു.

കൃഷി ആവശ്യങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമായി ഗ്രാമവാസികള്‍ ഉപയോഗിച്ചിരുന്ന ആ സാധാരണ കിണര്‍, അതോടെ ഗ്രാമവാസികള്‍ക്കിടയില്‍ ‘മരണക്കിണര്‍’ ആയി മാറി. സംഭവം നടന്നിട്ട് ഇപ്പോള്‍ ഒരു മാസത്തിലേറെ ആയെങ്കിലും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന വലിയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഗ്രാമവാസികള്‍ ഇതുവരെയും മുക്തരായിട്ടില്ല. ഇപ്പോള്‍, കിണറ്റില്‍ നിന്ന് ആരും വെള്ളം എടുക്കുന്നില്ല. കിണറിന്റെ സമീപത്തു കൂടി നടന്നു പോകാന്‍ പോലും കുട്ടികള്‍ക്ക് വിലക്കുണ്ട്. തങ്ങള്‍ക്കിപ്പോള്‍ ഇത് ഒരു കിണറായി തോന്നുന്നില്ലെന്നും മരണ കെണിയായാണ് അനുഭവപ്പെടുന്നത് എന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.

ഒടുവില്‍, ഗ്രാമത്തെ ഗ്രസിച്ച ഭയത്തെ മറികടക്കാന്‍ ഗ്രാമവാസികള്‍ തന്നെ ഒരു വഴി കണ്ടെത്തി. കിണറില്‍ വീണ് മരിച്ച് പോയവരുടെ ആത്മാക്കള്‍ക്ക് വേണ്ടി ഗ്രാമവാസികള്‍ ഒത്തുകൂടി, പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തി. ഗ്രാമത്തില്‍ മരണം വിതച്ച ആ കിണറിന്റെ ചുറ്റുപാടും ഇന്ന് ഗ്രാമവാസികള്‍, തങ്ങള്‍ ഒത്തുകൂടാനും പ്രാര്‍ത്ഥിക്കാനുമുള്ള വേദിയായാണ് കണക്കാക്കുന്നത്. ‘ഇത് പരമ്പര്യത്തെ കുറിച്ചുള്ളതല്ല, ഇത് ജീവിക്കാനുള്ള അതിജീവനത്തിന് വേണ്ടിയാണ്. ഇവിടെ കുറച്ച് കാലമായി ഭയം നിലനില്‍ക്കുന്നു. ഗ്രാമവാസികള്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കാന്‍ പോലും മറന്ന് പോയി.’ ഗ്രാമത്തലവന്‍ മുകേഷ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ആരും കിണറിനടുത്തേക്ക് പോവുകയോ കിണറിനെ സ്പര്‍ശിക്കുകയോ ചെയ്യില്ല. പകരം പൂജാ ദ്രവ്യങ്ങളും മാലകളും പൂജാ മന്ത്രങ്ങളുമായി എപ്പോഴും പ്രാര്‍ത്ഥനാ മുഖരിതമായിരിക്കും കിണറും പരിസരവും. പലരും ഗ്രാമവാസികളുടെ പ്രവര്‍ത്തികളെ വിമര്‍ശിക്കുകയും അന്ധവിശ്വാസം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ഈ പ്രവര്‍ത്തി വലിയ ആശ്വാസമാണ് ഇവര്‍ക്ക് നല്‍കുന്നത്. തങ്ങളുടെ ഗ്രാമത്തിന്റെ നഷ്ടപ്പെട്ടുപോയ താളം പതിയെ തിരിച്ചുവരുമെന്നാണ് ഗ്രാമവാസികള്‍ അവകാശപ്പെടുന്നത്. അതേസമയം വിദ്യാഭ്യാസത്തിന്റെ കുറവ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ വലിയ തോതില്‍ അനുഭവിക്കുന്നുണ്ടെന്ന് ചിലര്‍ പറഞ്ഞു.

 

Share
Leave a Comment