കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ അജ്ഞാത സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍. ഇതോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തവരുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ടുപേര്‍ കൊണ്ടോട്ടി സ്വദേശികളും ഒരാള്‍ കിഴക്കോത്ത് സ്വദേശിയുമാണ്. ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കാറില്‍ എത്തിയ മറ്റു പ്രതികള്‍ എവിടെ എന്നതിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.
സംഭവത്തില്‍ രണ്ടു പേരെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കൂടെ ബൈക്കില്‍ എത്തിയവരാണ് ഇന്നലെ പിടിയിലായവര്‍. പ്രദേശത്തുള്ള ഒരാളുടെ സഹായം സംഘത്തിന് ലഭിച്ചെന്നാണ് സൂചന. കേസ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.
ഏഴ് അംഗ സംഘമാണ് കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകന്‍ അനൂസ് റോഷനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. ബൈക്കില്‍ രണ്ടു പേരും കാറില്‍ അഞ്ചു പേരുമാണ് എത്തിയത്. ആദ്യം ബൈക്കില്‍ ഉള്ളവരാണ് വീട്ടില്‍ എത്തിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. ഇവരെയാണ് കൊടുവള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതിനിടെ തട്ടിക്കൊണ്ടു പോകല്‍ സംഘം അഞ്ചു ദിവസം മുമ്പ് സ്ഥലത്തെത്തിയിരുന്നതായുള്ള വിവരം പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ച പരപാറയില്‍ അനൂസ് റോഷന്റെ വീടിന് അടുത്ത് എത്തിയ സംഘം പ്രദേശത്തെ ചായക്കടയില്‍ കയറുന്നതും പ്രദേശവാസിയുമായി സംസാരിക്കുന്നതുമായ ദൃശ്യങ്ങളില്‍ പുറത്തുവന്നു. ഇയാള്‍ക്ക് തട്ടിക്കൊണ്ടുപോകലില്‍ പങ്കുണ്ടെന്ന സംശയത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടു പോയ അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ആണ് തട്ടിക്കൊണ്ട് പോകാലിന് പിന്നില്‍. വിദേശത്ത് നിന്ന് കടന്ന അജ്മല്‍ ഇതുവരെ നാട്ടിലും എത്തിയിട്ടില്ല. ഇതോടെയാണ് വീട്ടുകാര്‍ക്ക് നേരെ ഭീഷണിയും തട്ടിക്കൊണ്ടുപോകലും നടക്കുന്നത്. അജ്മല്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
Leave a Comment