അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക് :മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്നാണ് രോഗവിവരം പുറം ലോകമറിയുന്നത്. കാന്‍സര്‍ എല്ലുകളിലേക്കു വ്യാപിച്ചതായും പ്രസ്താവനയിൽ പറയുന്നു. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറുടെ സേവനം തേടിയത്.

തുടര്‍ന്ന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിക്കുകയായിരുന്നു. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തില്‍പ്പെട്ട കാന്‍സറാണ് ജോ ബൈഡന് സ്ഥിരീകരിച്ചിരിക്കുന്നത്. 10-ല്‍ 9 ഗ്ലീസൺ സ്കോർ ആണ് അദ്ദേഹത്തിന് സ്ഥിരീകരിച്ചിരിക്കുന്ന രോഗത്തിന്റെത്. കാന്‍സര്‍ രോഗം ഗുരുതരമായി എന്നാണ് ഇതു വ്യക്തമാക്കുന്നത്. രോഗബാധ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയും ബൈഡന്റെ ഓഫീസ് നൽകുന്നുണ്ട്. യുഎസ് പ്രസിഡന്റ് പദവി വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയാണ് ജോ ബൈഡന്‍.

അതേസമയം ജോ ബൈഡന്റെ രോഗനിർണയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദുഖം രേഖപ്പെടുത്തി. ‘‘ജോ ബൈഡന്റെ രോഗനിർണയത്തെക്കുറിച്ച് കേട്ടതിൽ താനും പ്രഥമ വനിത മെലാനിയ ട്രംപും ദുഃഖിതരാണ്’’ – ഡോണൾഡ് ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ എഴുതി. താനും ഭർത്താവ് ഡഗ് എംഹോഫും ബൈഡനും കുടുംബത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്ന് മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എക്സിൽ കുറിച്ചു. ‘‘ജോ ഒരു പോരാളിയാണ്. ശക്തിയോടെയും, പ്രതിരോധശേഷിയോടെയും ശുഭാപ്തിവിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാം’’ – കമലാ ഹാരിസ് പറഞ്ഞു.

Share
Leave a Comment