മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

വാഷിംങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ബൈഡന്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വെളളിയാഴ്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് കാന്‍സറിന് ആറ് മുതല്‍ പത്ത് വരെ ഗ്ലീസണ്‍ സ്‌കോര്‍ കണക്കാക്കപ്പെടുന്നത്. 10 ല്‍ 9 എന്ന ഗ്ലീസണ്‍ സ്‌കോറാണ് ബൈഡനുളളത്. കാന്‍സര്‍ വളരെ കൂടിയ നിലയില്‍ ബാധിച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാന്‍സര്‍ ഹോര്‍മോണ്‍ സെന്‍സിറ്റീവ് ആണെന്നും നിയന്ത്രിക്കാന്‍ കഴിയുമെന്നുമാണ് നിലവിലെ വിലയിരുത്തല്‍.

രോഗനിര്‍ണയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. രോഗ വിവരം അറിഞ്ഞതായും താനും തന്റെ ഭാര്യയും അതില്‍ ദുഃഖിതരാണെന്നും ട്രംപ് കുറിച്ചു. മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും ദുഃഖം രേഖപ്പെടുത്തിയിരുന്നു. ജോ ഒരു പോരാളിയാണ്. അതീവ ശക്തിയോടെയും, പ്രതിരോധശേഷിയോടെയും, ശുഭാപ്തിവിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാമെന്ന് ഹാരിസ് എക്‌സില്‍ കുറിച്ചു. അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്ക് ഉറപ്പുണ്ട്. വേഗത്തിലും പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതായി ബരാക് ഒബാമയും കുറിച്ചു.

 

Share
Leave a Comment