തിരുവനന്തപുരം : ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍, പേരൂര്‍ക്കട സ്റ്റേഷനിലെ സി സി ടി വി ക്യാമറകള്‍ പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. കസ്റ്റഡിയിലെടുത്ത സ്ത്രീയോട് എതെല്ലാം ഉദ്യോഗസ്ഥരാണ് മോശമായി പെരുമാറിയെന്ന് പരിശോധിക്കും. വെള്ളം ചോദിച്ചപ്പോള്‍ ടോയ്ലെറ്റില്‍ പോകാന്‍ പൊലീസുകാര്‍ പറഞ്ഞുവെന്ന ബിന്ദുവിന്റെ ആരോപണവും അന്വേഷിക്കും.
ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ്‌ഐയും സംഘവും ദളിത് സ്ത്രീക്ക് മുന്നില്‍ അധികാരം പ്രയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പൊലീസില്‍ മോഷണത്തിന് പരാതി നല്‍കിയത്. സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ പേരൂര്‍ക്കട പൊലീസ് ബിന്ദുവിനോട് കാണിച്ചത് കൊടുംക്രൂരതയാണ്. കുടിക്കാന്‍ വെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യംചെയ്തു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പിറ്റേന്ന് വീട്ടില്‍ നിന്ന് തന്നെ സ്വര്‍ണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞു വിടുകയായിരുന്നു.
സംഭവം പുറത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. പേരൂര്‍ക്കട സ്റ്റേഷനിലെ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു.
Leave a Comment