തിരുവനന്തപുരം: നിർമ്മാണമേഖലയിൽ യുവതീയുവാക്കളെ പരിശീലിപ്പിച്ച് തൊഴിൽ നൽകുന്ന പദ്ധതിയുമായി ഊരാളുങ്കൽ സൊസൈറ്റി. കെട്ടിടം, റോഡ്, പാലം നിർമ്മാണങ്ങളുടെ വിവിധ തൊഴിൽമേഖലകളിലേക്കാണ് പരിശീലനം നൽകി നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ സാങ്കേതികവിദ്യാപരിശീലനമാണ് നൽകുന്നത്. ശേഷം ജോലിയിൽ പ്രവേശിക്കാം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഊരാളുങ്കൽ സൊസൈറ്റി പ്ലേസ്മെന്റ് ഉറപ്പു നൽകുന്നു. പത്താംതരമോ പ്ലസ് ടുവോ ജയിച്ചവർക്ക് അപേക്ഷിക്കാം. നിർമ്മാണപ്രവൃത്തിയിൽ പരിചയമുള്ളവർക്കു മുൻഗണന. ശാരീരികക്ഷമതയും മാനദണ്ഡമാണ്. പ്രായം 18 – 25 വയസ്. മേയ് 24-നകം https://forms.gle/bMto9aiAtmWLno5d9 എന്ന ലിങ്ക് വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക് 8301001755 എന്ന നമ്പരിൽ വിളിക്കാം.
തെരഞ്ഞെടുക്കുന്നവർക്ക് സൊസൈറ്റിയുടെ ചുമതലയിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനി(IIIC)ലാണു പരിശീലനം. കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസി(KASE)ന്റെയും രാജ്യത്തെ മറ്റു പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണു പരിശീലനം. തിയറിയും പ്രാക്റ്റിക്കലും ഉൾപ്പെടുന്ന ആറുമാസത്തെ നൈപുണ്യപരിശീലനം ക്ലാസുമുറികളിലും അത്യാധുനിക ലാബിലും ഊരാളുങ്കൽ സൊസൈറ്റിയുടെ വർക് സൈറ്റുകളിലുമായാണ് നടക്കുക. ബാക്കി ആറുമാസം പൂർണ്ണമായും വർക് സൈറ്റുകളിലെ അപ്രന്റീസ്ഷിപ്പുമാണ്. പരിശീലനത്തിനിടയിലും അവസാനവും പ്രായോഗിപരിജ്ഞാനം പരിശോധിക്കാൻ ടെസ്റ്റുകൾ ഉണ്ടാകും.
ബിൽഡിങ്, റോഡ് ടെക്നോളജികളിൽ ഐഐഐസിയിൽ നടക്കുന്ന തിയറി ക്ലാസുകൾ ഊരാളുങ്കൽ സൊസൈറ്റിയിലെ പരിചയസമ്പന്നരായ എൻജിനീയർമാരും ഐഐഐസിയിലെ നിർമ്മാണവ്യവസായവിദഗ്ദ്ധരും നയിക്കും. ബാർ ബെൻഡിങ്, സ്റ്റേജിങ്, സ്കഫോൾഡിങ്, ഷട്ടറിങ്, കോൺക്രീറ്റ്, റോഡ് ജോലികൾ തുടങ്ങി നിർമ്മാണവുമായിബന്ധപ്പെട്ട എല്ലാ പ്രക്രിയകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിയിൽ ഐഐഐസിയിലെ അദ്ധ്യാപകരും ഊരാളുങ്കൽ സൊസൈറ്റിയിലെ ലീഡർമാരും എൻജിനീയർമാരും ആണു പരിശീലനം നൽകുന്നത്. കേരളത്തിൽ സ്ഥിരതാമസമാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം
Leave a Comment