കല്യാണിയെ പുഴയിലെറിഞ്ഞു കൊന്നത് അമ്മ: സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

കൊച്ചി: തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും. നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ് മരിച്ച കല്യാണിയുടെ അമ്മ സന്ധ്യ. ഇന്നുതന്നെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. നേരംവെളുക്കുന്നതോടെ യുവതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

അതേസമയം, യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പടെ കണ്ടെത്താനാണ് പൊലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. അതേ സമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ നേരത്തെയും കുട്ടിയെ അമ്മ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്റെ കുടുംബം ആരോപിച്ചിരുന്നു.

കുടുംബ പ്രശ്‌നത്തെ തുടർന്ന് കുട്ടിയെ യുവതി പലതവണ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന് പുത്തൻകുരിശ് പൊലീസിന് കുടുംബം മൊഴി നൽകിയിരുന്നു. എന്നാൽ കല്ല്യാണിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുട്ടിയുടെ അമ്മ ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചിരുന്നു എന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളും രം​ഗത്തെത്തി.

ഇന്നു പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയിൽ നിന്നും മുങ്ങൽ വിദ​ഗ്ധർ കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയെയും ഇരുട്ടും അവഗണിച്ചായിരുന്നു പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുഞ്ഞിനായി തെരച്ചിൽ നടത്തിയത്.

സാധാരണ ഗതിയിൽ പ്രതികൂല സാഹചര്യങ്ങളിൽ തെരച്ചിലിന് ഇറങ്ങുന്നവരുടെ സുരക്ഷ പരിഗണിച്ച് രാത്രി വൈകിയുള്ള തെരച്ചിൽ നടത്താറില്ല. എന്നാൽ, കാണാതായത് പിഞ്ചുകുഞ്ഞായതിനാൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും കനത്ത മഴയും ഇരുട്ടും അവഗണിച്ച് തെരച്ചിൽ തുടരുകയായിരുന്നു.

തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെ കാണാതായത്. അങ്കണവാടിയിൽ പോയ ശേഷം അമ്മ സന്ധ്യയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കുട്ടിയെ കാണാതായെന്ന് ആദ്യം പൊലീസിന് മൊഴി നൽകിയ അമ്മ, ഉപേക്ഷിച്ചതാണെന്ന് പിന്നീട് മൊഴി നൽകി. മൂഴിക്കുളം പാലത്തിന്റെ ഭാഗത്തു വരെ കുട്ടിയുമായി അമ്മ വന്നുവെന്നാണ് വിവരത്തെ തുടർന്ന് ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നീല ജീൻസും പിങ്ക് ഉടുപ്പുമാണ് കാണാതാകുമ്പോൾ കല്യാണി ധരിച്ചിരുന്നത്. ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മ പൊലീസിനു മൊഴി നൽകിയത്. 3.30നാണ് അങ്കണവാടിയിൽ നിന്നും കല്യാണിയെ വിളിച്ചുകൊണ്ട് വീട്ടിലേക്ക് തിരിച്ചതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. എന്നാൽ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പിന്നീട് മൊഴി മാറ്റുകയായിരുന്നു. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും.

വൈകിട്ട് മൂന്നരയോടെ അമ്മ മറ്റക്കുഴിയിലെ വീട്ടിൽ നിന്ന് തിരുവാങ്കുളത്തുള്ള അങ്കനവാടിയിലെത്തി കുട്ടിയെ കൂട്ടി. വീട്ടിലേക്ക് പോകുന്നതിനു പകരം സ്വന്തം വീടായ ആലുവയ്ക്കടുത്ത് കുറുമശേരിയിലേക്ക് പോയി. ഏഴു മണിയോടെ അമ്മ വീട്ടിൽ വന്നു കയറുമ്പോൾ കുട്ടി കൂടെയില്ല. കുഞ്ഞ് എവിടെയെന്ന ചോദ്യത്തിന് ആലുവയിൽ വച്ച് കാണാതായെന്നായിരുന്നു മറുപടി.

വീട്ടുകാരുടെയും മറ്റും നിരന്തര ചോദ്യത്തിനൊടുവിൽ അമ്മയിൽ നിന്ന് പരസ്പര വിരുദ്ധമായ മറുപടികൾ ലഭിച്ചു. എട്ടു മണിയോടെ പുത്തൻകുരിശ് പൊലീസിനെ ഐക്കാർ വിവരമറിയിച്ചു . അവർ അന്വേഷണമാരംഭിച്ചു . തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കുറുമശേരിക്കടുത്തുള്ള മൂഴിക്കുളം പാലത്തിനടുത്ത് ഉപേക്ഷിച്ചെന്നായിരുന്നു അമ്മയുടെ മറുപടി. നാട്ടുകാരുടേയും പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും അന്വേഷണത്തിൽ പങ്കാളികളായി കുട്ടിയുടെ പിതാവും സ്ഥലത്തേക്ക് എത്തിയിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. അമ്മയ്ക്ക് മാനസികമായി ചില പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് അയൽക്കാർ പോലീസിനെ അറിയിച്ചു.

 

Share
Leave a Comment