യുദ്ധം നിർത്തിയില്ലെങ്കിൽ ഇസ്രായേലിന് പിന്തുണയില്ലെന്ന് ട്രംപ്, ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

വാഷിങ്ടൺ : ​ഗാസയിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്കയുടെ പിന്തുണയുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ‘ഈ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ ഉപേക്ഷിക്കും’ എന്ന് ട്രംപിന്റെ അടുത്ത പ്രതിനിധികൾ ഇസ്രയേലിനോട് പറഞ്ഞതായി റിപ്പോർട്ടിൽ.

ഗാസ വിഷയത്തെ ചൊല്ലി അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘർഷമുള്ള സാഹചര്യത്തിലാണ് യുഎസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യുദ്ധം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ മാർഗങ്ങളുണ്ടെങ്കിലും ഇച്ഛാശക്തിയിലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. മിഡിൽ ഈസ്റ്റ് പര്യടനത്തിൽ നിന്ന് ഇസ്രായേലിനെ ഒഴിവാക്കിയ ട്രംപ് ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സൂചനയുണ്ട്.

സ്വന്തം നേട്ടത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കിയ ട്രംപ് നെതന്യാഹുവുമായുള്ള ബന്ധം വിച്ഛേദിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, ബ്രിട്ടനും സമാന പാതയിലാണ്. ഗാസയിലെ ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാവുമെന്ന് ബ്രിട്ടനും ഫ്രാൻസും കാനഡയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഗാസയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്ന് പാർലമെന്റിൽ വിശദമാക്കിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ താറുമാറായ ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആഗോള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അടിയന്തര സഹായം ലഭ്യമാകാത്ത സാഹചര്യത്തിൽ ഗാസയിൽ 48 മണിക്കൂറിനുള്ളിൽ 14000 കുട്ടികൾ മരിക്കുമെന്ന് യുഎൻ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇത്. പോഷകാഹാര കുറവും പട്ടിണിയിലും വലയുകയാണ് ഗാസയിലെ കുട്ടികളെന്നാണ് യുഎൻ വിശദമാക്കിയത്.

 

Share
Leave a Comment