Kerala

കുട്ടി പീഡനത്തിനിരയായത് വീടിനുള്ളിൽ വെച്ച്! മരിക്കുന്നതിന്റെ തലേന്നും അച്ഛന്റെ സഹോദരന്റെ ക്രൂരത: അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോർട്ട് റിപ്പോർട്ടിന് പിന്നാലെ കസ്റ്റഡിയിലെടുത്ത അച്ഛന്റെ സഹോദരൻ കുറ്റം സമ്മതിച്ചു. ശാസ്ത്രീയ തെളിവുകൾ നിരത്തി നിരന്തരമായി നടത്തിയ ചോദ്യം ചെയ്യലാണ് പ്രതിയെ കുടുക്കിയത്. ചൊവ്വാഴ്ച വൈകീട്ട് പ്രതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ വീണ്ടും വിളിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പോലീസ് പ്രതിയെ ചോദ്യം ചെയ്തത്. പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ പിന്നാലെയാണ് അടുത്ത ബന്ധുവിലേക്കുള്ള പൊലീസിന്റെ അന്വേഷണം ആരംഭിച്ചത്. ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മരിക്കുന്നതിന്റെ തലേന്നും കുട്ടിയെ ഇയാൾ പീഡിപ്പിച്ചിരുന്നു. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും രണ്ടുപേരെ വിട്ടയച്ചിരുന്നു.

അതേസമയം, ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സന്ധ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയില്‍ ഹാജരാക്കിയത്. സന്ധ്യ നിലവില്‍ കാക്കനാട് വനിതാ സബ് ജയിലിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button