തുർക്കിക്ക് 10കോടി സഹായം തെറ്റായ മഹാമനസ്കത: ഇനിയെങ്കിലും കേരളസർക്കാർ ഇതൊക്കെ ചിന്തിക്കുമെന്ന് പ്രതീക്ഷ- വിമർശിച്ച് തരൂർ

കൊച്ചി: കേരള സർക്കാരിനെ വിമർശിച്ച് ശശി തരൂർ എംപി. 2023-ലെ ഭൂകമ്പത്തിൽ തുർക്കിക്ക് 10 കോടി സഹായം നൽകിയ കേരള സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് ശശി തരൂരിന്റെ എക്സ് പോസ്റ്റ്. രണ്ട് വർഷത്തിന് ശേഷം തുർക്കിയുടെ പെരുമാറ്റം കണ്ട കേരള സർക്കാർ തെറ്റായ മഹാമനസ്കതയെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വയനാടൻ ജനതയെ പോലെ ദുരിതമനുഭവിക്കുന്നവർക്ക് ആ തുക ഉപയോഗിക്കാമായിരുന്നുവെന്നുമാണ് ശശി തരൂരിൻ്റെ പോസ്റ്റ്. ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താനെ തുർക്കി പിന്തുണച്ച പശ്ചാത്തലത്തിൽ കൂടിയാണ് വിമർശനം.

2023-ൽ തുർക്കിക്ക് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള സർക്കാർ പ്രഖ്യാപനത്തെക്കുറിച്ചുള്ള എൻഡിടിവിയുടെ വാർത്തയും തരൂർ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 8-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് 10 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. “ലോകബോധത്തെ ഞെട്ടിച്ച തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിരാലംബരാക്കുകയും ചെയ്തു,” എന്ന് അന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താന്റെ നിലപാടുകളെ തുർക്കി പിന്തുണച്ചത് ഇന്ത്യയും തുർക്കിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.

Share
Leave a Comment