മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് എണ്‍പതാം പിറന്നാളും പിണറായിക്ക്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപനമായത് ഇന്നലെയാണ്. ഇന്ന് മുതല്‍ പിണറായി വീണ്ടും ഓഫീസിലെത്തും.

കണ്ണൂരിലെ പിണറായിയില്‍ 1945 മെയ് 24-ന് മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും മകനായി ജനിച്ച പിണറായി വിജയന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. 26-ആം വയസ്സില്‍, 1970-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയന്‍ 1977-ലും 1991 -ലും കൂത്തുപറമ്പില്‍ നിന്ന് വിജയം ആവര്‍ത്തിച്ചു. 1996-ല്‍ പയ്യന്നൂരില്‍ നിന്നും 2016-ലും 2021-ലും ധര്‍മ്മടത്ത് നിന്നും വിജയന്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദം. ശക്തമായ നിലപാടുകളും ഭരണമികവും. പ്രതിസന്ധിഘട്ടങ്ങളില്‍ മാതൃകാപരമായ നേതൃത്വം. പിണറായി വിജയന്‍ എന്ന നേതാവിന്റെ കരുത്തും ഇരുത്തവും കേരളം പലകുറി കണ്ടറിഞ്ഞതാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നീതി പുലര്‍ത്തുമ്പോഴും പ്രയോഗികവാദിയായ നേതാവായാണ് പിണറായി വിജയന്‍ അറിയപ്പെടുന്നത്.

Share
Leave a Comment